Saturday, February 5, 2011

പാഴ്വസ്തു


കതകിൽ വന്നു മുട്ടീ പകലോൻ
കിളിവാതിലിലുരുമ്മീ മന്ദമാരുതൻ
കടൽ ഫണമൊതുക്കിയൊളിച്ചു
കസവോളങ്ങളിൽ നേരെ നോക്കിടാതെ.
പുൽനാമ്പിലൂറും മഞ്ഞിൻ കണം
മാഞ്ഞു പോയി മണ്ണിലേക്ക് വേവലോടെ
തൊട്ടാവാടിയിലകൾ മിഴി പൂട്ടിയേതോ
രഹസ്യം പറയാനെന്ന വണ്ണം.

ശരം പോലെ പറന്നു പോയി
തേൻ കുരുവികളുരിയാടാതെ
നിന്നുപോയി നിശ്ചതനമായി
അശോകത്തളിര് വിളറിവിളർത്ത്
പാട്ടു നിർത്തി പൂങ്കുയിലൊളിച്ചു
മാന്തളിരിനിടയിൽ ഞൊടിയിടയിൽ
മണിസ്വനമായി കൊഞ്ചും തെളിനീരു
മടങ്ങിപ്പോയി ഉറവിൻ തണുപ്പിലേക്ക്.

നൃത്തലോലൻ ശ്യാമമേഘം ഓടി-
യൊളിച്ചൂ ക്രൂദ്ധൻ സൂര്യനു പിന്നിൽ
പാട്ടു മറന്ന വിഹ്വലൻ കരിവണ്ട്
മറഞ്ഞൂ പൂവിൻ തടവറയിൽ
നിറമേഴും ചാലിച്ചു വിലസിയ മഴവില്ല്
വാരിയണിഞ്ഞൂ ശുഭ്രമൊരു മേലുടുപ്പ്.

പെയ്യാനാഞ്ഞ മഴയെ എടുത്തു-
പോയി ചുഴലിക്കാറ്റു ദൂരേക്ക്.
ഉറക്കം നടിച്ചൂ മുളന്തണ്ട്
ഒരു സ്വനവും പുറത്തെടുക്കാതെ.

ആകാശമൊഴിഞ്ഞ ഭൂമി പോൽ
നിന്നു പോയി ഞാനൊരു പാഴ്വസ്തുവായി.