Tuesday, November 29, 2011

മൂകസാക്ഷി


കനം തൂങ്ങിയ കാറ്റ്

മൂകമൊരു മരത്തിൽ

തൂങ്ങി മരിച്ചു.

കൊട്ടിയടച്ച കൊത്തളങ്ങളും

തുരുമ്പെടുത്ത പീരങ്കികളും

എഴുന്നുനിന്നു മജ്ജയും മാംസവുമായി.

ശബ്ദമഴിച്ചുവെച്ചു നടന്നു മറഞ്ഞു

ബൂട്ടിട്ട കനത്ത പാദപതനങ്ങൾ

കണ്ണീരും ചുംബനവുമില്ലാതെ

ആശ്ളേഷങ്ങളില്ലാതെ

ചവിട്ടിയരച്ച പൂക്കൾക്കു മീതെ

നക്ഷത്രങ്ങൾ കെട്ടു പോയ കണ്ണുമായി

അഴിഞ്ഞുവീണ ഒരു കൊടിക്കൂറയായവൻ.


കൊട്ടിയടച്ച കൊത്തളങ്ങളും

തുരുമ്പെടുത്ത പീരങ്കികളും

എഴുന്നുനിന്നു മജ്ജയും മാംസവുമായി


നിണമുണങ്ങിയ വായിക്കരിയിടാനെത്തി

നിരനിരയായി ശവംതീനിയുറുമ്പുകൾ.

മുഷ്ടിയിൽ ചുരുട്ടിയ വാക്കുകൾ

നനഞ്ഞൊഴുകി തട്ടിത്തൂകിയ ജലച്ചായമായി.

*അമ്മിഞ്ഞപ്പാലു മണക്കും

തെലുങ്കു മൊഴികൾ നിണമണിഞ്ഞ്

കീശയിൽ.കറുത്തു കനത്തു .

തിരയൊഴിഞ്ഞ തോക്കൊന്ന്

കിടക്കുന്നുണ്ടൊരരികിൽ

മൂകമൊരു സാക്ഷിയായി

അടുത്തൊരൂഴവും കാത്ത്.

*1982 പെഡാഹള്ളി ഗ്രാമത്തിലെ(ആന്ധ്ര) വീട് പോലീസുകാർ തകർത്തതിനു ശേഷം കിഷൻജി (ബംഗാൾ ഭരണകൂടം കൊലപ്പെടുത്തിയ സി.പി.എം.എൽ മാവോയിസ്റ്റ് നേതാവ്) അമ്മയെ കാണാൻ പോയിട്ടില്ല. എങ്കിലും ഒരു തെലുങ്കു പത്രത്തിൽ അമ്മയ്ക്കു വേണ്ടി നിരന്തരം എഴുതിയിരുന്നു.