Sunday, August 1, 2010

ഇരുവൾ/ഒരുവൾ


രണ്ടു സ്ത്രീകളായിരുന്നു അവൾ
മഴയെ കിനാവുകണ്ടുണരുന്ന ഒരുവൾ
മരുപ്പച്ച തേടി കാലുവെന്ത മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ദിനരാത്രങ്ങളുടെ നുകത്തിലെ പടുകിഴവിയൊരുവൾ
ആനന്ദാസക്തികളാൽ യൌവനയുക്ത മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ദിനവും വിരിയുന്ന പുതുമുകുളമാ- യൊരുവൾ
വിരല്‍പ്പാടുകളാലും മുദ്രകളാലും അടയാള- പ്പെട്ടവൾ മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ഓരോരിക്കലും ഉടന്തടി ചാടുന്നൊരുവൾ
സീമന്തസിന്ദൂരങ്ങളെ വെടിപ്പാക്കുന്ന മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
എണ്ണയും പിണ്ണാക്കുമായി ചക്കാ- കുന്നൊരുവൾ
ഉയർന്നു പറക്കുന്ന ഊഞ്ഞാലിലെ നിത്യസഞ്ചാരിണി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
വെറുത്തു വെറുത്ത് വിഷക്കനി - യായൊരുവൾ
പുണർന്നു പുണർന്നു പൂങ്കനിയായി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
പറന്ന് പറന്ന് പറവയാ - യൊരുവൾ
ഇഴഞ്ഞിഴഞ്ഞ് ഇഴജന്തുവായി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ഒടുങ്ങാത്ത തിരകളുടെ സാഗരമാ - യൊരുവൾ
ഒരിക്കലും വഴങ്ങാത്ത കരിമ്പനക്കുന്നായി മറ്റൊരുവൾ.

ഇക്കാലം എന്നിലിരുവരും ഒന്നായി
കാടുകളെ ചുട്ടുകളയുന്ന തീപിടിത്തമായത്
വൻകരകളെ മുക്കിക്കളയുന്ന പ്രളയമായത്
ഗ്രഹങ്ങളെ കൂട്ടിയിടിപ്പിക്കുന്ന വശീകരണമായത്
പ്രപഞ്ചങ്ങളുടെ ആകെ ഒന്നാകലായത്
ആയിരത്താണ്ടിലെ തോരാമഴയായത്
ആയിരത്താണ്ടിലെ എരിയും വറുതിയായത്

അത്, കടപ്പുറത്തെ മണൽത്തരികളെയും
ആകാശത്തിലെ നക്ഷത്രങ്ങളെയും
ഊതിപ്പറത്തിക്കളഞ്ഞു.

3 comments:

  1. ഇക്കാലം എന്നിലിരുവരും ഒന്നായി..


    ലാവ പെയ്യുന്ന വരികള്‍

    ReplyDelete
  2. തീക്ഷ്ണം..
    ഓരോരിക്കലൂം ഉടന്തടി ചാടുകയും അതേ സമയം സീമന്തസിന്ദൂരം വെടിപ്പാക്കുകയും ചെയ്യുന്ന പെൺമനസ്സിന്റെ സംഘർഷങ്ങൾ ശക്തമായി അനുഭവപ്പെടുന്നുണ്ട്..

    ReplyDelete