Sunday, October 16, 2011

എനിക്ക് ഓർമ്മയില്ല



എനിക്കവളെ അറിയാം
അച്ചൻ കോവിലാറ്റിൽ
നീലത്താമരയായി പുനർജനിച്ചവളെ
ഒരാൾക്കും പിടിതരില്ലവൾ
മുട്ടറ്റം വെള്ളത്തിൽ നിന്നവളെ
തൊടാമെന്ന് നിനച്ചാൽ
നീന്തി പോകുമവളാഴത്തിലേക്ക്
കറുത്തിരുണ്ട കയത്തിൻ തണുപ്പിലേക്ക്
മീങ്കുഞ്ഞുങ്ങളുടെ കണ്ണീരിലുമ്മ വെയ്കാൻ
കൊന്നതാണവളെ
അഛൻ? ആങ്ങള? കൂട്ടുകാരൻ?
അറിയില്ല.
പോസ്റ്റുമാർട്ടംനടക്കാനിരിക്കുന്നേയുള്ളു.
എന്നാണവളെ കൊന്നത്?
ഒരു നൂറു കൊല്ലം മുന്നെ!
ഇന്നലെ!!
എനിക്ക് ഓർമ്മയില്ല.
തീരെ ഓർമ്മയില്ല

ജൊവാനാ,നീയും!




നീലത്തൂവലിൽ പടർന്നൊഴുകുന്ന
ചോര നനവുമായി കിളിയിന്നും
ജൊവാനയുടെ ജനാലയ്ക്കെലെത്തി
അത് ചോദിച്ചു
ആർക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്?
ആർക്കു വേണ്ടിയാണ് ഞാൻ മരിച്ചത്?
എന്റെ തൊണ്ടയിൽ നിന്നാ ഗാനം
പിഴുതെടുത്തു കളഞ്ഞതാരാണ്?
എന്റെ പാദങ്ങളിൽ നിന്നാ നടനം
മുറിച്ചു മാറ്റിയതാരാണ്?
സിസ്റ്റർ ജൊവാന എന്നുമെന്ന പോലെ
കത്തിയെടുത്തതിനെ കുത്തി മലർത്തി.

മറിയം




പതിവു പോലൊരു ഞായറാഴ്ച
പകൽ പതിനൊന്നു മണി
ദൈവകൃപയാൽ എല്ലാം
സമംഗളം പര്യവസാനിക്കുമായിരുന്നു.
ഇമ്പമിയന്ന ഗാനങ്ങളാൽ കൊച്ചച്ചൻ
തിരുക്കുർബ്ബാന അർപ്പിച്ചു ക്ഴിഞ്ഞു.
മാർപ്പാപ്പയുടെ മാപ്പപേക്ഷയും
വായിച്ചു തീർത്തു.
തിരുശരീരം പകുത്തെടുത്ത്
അച്ചൻ വാഴ്ത്തിപ്പാടി
ഇതെന്റെ ശരീരമാകുന്നു
നിങ്ങൾ ഭക്ഷിപ്പിൻ
ഇതെന്റെ രക്തമാകുന്നു
നിങ്ങൾ പാനം ചെയ്വിൻ
എന്തെന്നാൽ നിത്യ ജീവന്
നിങ്ങൾ അവകാശികളായിടും
അൾത്താരയിൽ അണയാനൊരു
മെഴുകിതിരി മാത്രം ബാക്കി നിൽക്കെ
പെട്ടെന്ന് ഭയങ്കരമായതെന്തോ
സംഭവിച്ചു.
ഒരാന്തൽ,ഒരാളൽ
മരക്കുരിശ് കനലു പോലെ തിളങ്ങി
മുൾമുടിയേറിയവന്റെ കണ്ണീർ
ചോരയായി പൊഴിഞ്ഞു
തിളങ്ങുന്ന വെളിച്ചത്താൽ
അൾത്താര നിറഞ്ഞു
അവിടെ ഭീമാകാരിണിയായൊരു സ്ത്രീരൂപം കാണായി
അവൾ ആടുകയും പാടുകയും ചെയ്തു
പാടുമ്പോൾ ഒന്നായും
ആടുമ്പോൾ ആയിരമായും
അവൾ കുറയുകയും കൂടുകയും ചെയ്തു.
മുന്നൂറ്റിയറുപത്താറാമത്
ദിവസത്തേക്കുറിച്ചവൾ പാടി.
മഞ്ഞിൻ പാളികളൊന്നൊന്നായി
പിന്നിലടഞ്ഞു പോകും മുമ്പെന്തു
സംഭവിച്ചെന്നവൾ നീട്ടിപ്പാടി
ഒക്കെയും കേട്ടപാടെ ദേവാലയമൊന്നാകെ
അവിടെ നിന്ന് നീങ്ങിപ്പോയി
കല്ലിന്മേൽ കല്ലവശേഷിക്കാതെ
നീങ്ങിപ്പോയി.


കവിത




നൊന്തു പേറുന്നു കവിതകളെ
രാവുകൾ ഗർഭത്തിലെന്ന പോലെ
നേർത്ത ഇരുട്ടിലെ നിഴലുകളാണ്
മറയ്ക്കുന്നില്ലിരുട്ട് മായ്ക്കുന്നതേയുള്ളു
കണ്ണു തുറന്നാൽ കാണാം
കൺ തുറക്കുന്ന താരകളെ
ത്തിയമരുന്ന കൊള്ളിമീനുകളെ
നിലാനുറുങ്ങുകൾ പൊതിയും
പുൽനാമ്പുകളെ
കറുത്ത ആകാശത്തെ
മിണ്ടാതെ നിൽക്കുന്ന വൻമരങ്ങളെ
കണ്ണടച്ചാൽ പിടിച്ചെടുക്കാം
നിഴലുകളെ
കോതി മിനുക്കാം കൊമ്പുകൾ
പിരിയൻ കോണികൾ പണിതെടുക്കാം.
നിർത്താതെ കയറാമിറങ്ങാം
തേച്ചു പിടിപ്പിക്കാം നിറങ്ങൾ
ഊതിയൂതി നിറയ്ക്കാം
ഊരിയെടുത്തുണക്കാനിടാം
വലിയ നിശാശലഭത്തിൻ ചിറകിൽ
നീലച്ചായം പൂശി പറത്താം
പുലിപ്പാൽ കറന്ന്
കടുപ്പത്തിലൊരു ചായ നുണയാം.