Monday, February 20, 2012

ചെമ്പനീർ പൂവായി അവൻ

അവനൊരു കുമാരൻ

ഇടതു കണ്ണിലുണ്ടൊരു സൂര്യൻ

വലതു കണ്ണിലുണ്ടൊരു സൂര്യൻ

ചുഴലിക്കാറ്റായവനെപ്പൊഴും

ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും.


അവളൊരു കുമാരി

ഇടതു കണ്ണിലുണ്ടൊരു കടൽ

വലതു കണ്ണിലുണ്ടൊരു കടൽ

കൊടിങ്കാറ്റായവളെപ്പൊഴും

ഉറഞ്ഞുനിന്നവനു ചുറ്റും.


അവൾ തൊട്ടു

അവൻ മരമായിത്തളിർത്തു

അവൻ തൊട്ടു

അവൾ പൂമരമായി വിടർന്നു.


തളിർക്കുമെന്നവന്റെ വാക്ക്

പൂക്കുമെന്നവളുടെ വാക്ക്

വാക്കു തെറ്റിച്ചവൻ വിടർന്നു

ചെമ്പനീർ പൂക്കളാലവൻ വിടർന്നു.


ചാഞ്ഞിറങ്ങിയ ആകാശം

ചെമ്പനീർ പൂക്കളെ പെയ്ത-

കന്നു പോയി നിസംഗമായി

ഗന്ധകഗന്ധം ബാക്കിയായി.**


ചെമ്പനീർ കനലിനു മേല-

നന്തമായി പെയ്തു നിന്നവൾ

തണുത്ത തളിരിലകളായും

കണ്ണീർ ചാറും മഴയായും.


**ആ വാലന്റൈൻസ് ഡേയുടെ ഓർമ്മയ്ക്ക്.....ഇറാക്കിലെ ഒരു പാർക്കിൽ യുവത്വത്തിന്റെ ഉല്ലാസത്തിലേക്ക് വന്നു വീണ ബോംബുണ്ടാക്കിയ ദുരന്തം.







2 comments:

  1. പിയര്‍ പൗലോ പസോലിനിയുടെ
    അറേബ്യന്‍ നൈറ്റ്സ് എന്ന ചിത്രത്തില്‍
    ഇതുപോലൊരു രംഗമുണ്ട്.
    ഏറ്റവും ലളിതമായി മനുഷ്യബന്ധങ്ങളെ
    പകര്‍ത്തുന്നൊരു ഭാഗം.
    അതുപോലെ, അതിലേറെ
    ലളിതമായി ഇവിടെ, ജീവിതം, അടുപ്പം, ലയം
    അതിന്‍റ ബാക്കിപത്രം.

    ReplyDelete