നീ സുന്ദരരൂപിയാണെന്നു
പറയാനല്ല ഞാൻ വന്നത്
നിന്‍റെ പുടവകൾ
ഹിമം പോലെ ശുഭ്രവും
ഉടൽ ഇടിമിന്നലിനൊത്തതാണെന്നും
പറയാനല്ല ഞാൻ വന്നത്
നിന്‍റെ കരപുടങ്ങൾ ദേവതാരു-
ശിഖരങ്ങൾ പോലെയാണെന്ന്
പറയാനല്ല ഞാൻ വന്നത്
നിന്‍റെ ചുണ്ടുകൾ തേനിനൊത്തതും
കണ്ണുകൾ പെരുമീനിനൊത്തതുമെന്ന്
പറയാനല്ല ഞാൻ വന്നത്
കരിമ്പനകളിൽ കാറ്റു വീശുംപോലെ-
യാണ് നീ കുന്നിറങ്ങുന്നതെന്ന്
പറയാനല്ല ഞാൻ വന്നത്
മണല്‍ത്തിരകളിൽ കാറ്റൂതും പോലെ-
യാണ് നിന്‍റെ ശബ്ദമെന്ന്
പറയാനല്ല ഞാൻ വന്നത്
നിന്‍റെ പാദപതനങ്ങൾ
നരകങ്ങളെ ശൂന്യമാക്കുന്നതും
സ്വർഗങ്ങളെ പിളർത്തുന്നതുമാണെന്ന്
പറയാനല്ല ഞാൻ വന്നത്
ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്.
പോയ കാലത്തേക്കാളും നന്നെന്നു നാം നിനച്ചു
സൌന്ദര്യവും സൌഭാഗ്യവും കൈവന്നെന്നു നാം കൊതിച്ചു
ഭയത്തെ കടല്‍ത്തിരകൾ എടുത്തു പോയിയെന്ന് നാം കരുതി
ഭയത്തെ മലങ്കാറ്റ് പാതാളത്തിലേക്കു പറത്തിക്കളഞ്ഞുവെന്നു നാം കരുതി
ഭയത്തെ നേര് വിഴുങ്ങിക്കളഞ്ഞുവെന്നു നാം കരുതി
എന്നാൽ സംഭവിച്ചതോ
കർക്കിടക രാവിലെന്ന പോലെ നക്ഷത്രങ്ങൾ കെട്ടുപോയി
ആശകളൊക്കയും കൊഴിഞ്ഞുപോയി
കൊരുത്തതൊക്കെയും ചിതറിപ്പോയി
സൌന്ദര്യവും സൌഭാഗ്യവും
ഇടങ്കോലും മുഴങ്കോലുമായി കലഹിച്ചു നിന്നു
എന്റെ ദൈവമേ എന്റെ ദൈവമേ എന്നു
നിലവിളിച്ചവർക്കു മുന്നിൽ ഉപ്പുതൂണായി
നിന്നു പോയി ദൈവം .
കാലുവെന്ത നായുടെ ഓട്ടം
വലിഞ്ഞു മുറുകിയ മുഖം
ഉന്തിത്തെറിച്ച കണ്ണുകൾ
പേടി കുടിച്ചു വെളുപ്പിച്ച ചുണ്ടുകൾ
ഇനിയും പറയണോ വരാൻ പോകുന്ന വസന്ത-
ങ്കൊണ്ടൊരു സൌഭാഗ്യം ഞാൻ പണിയുമെന്ന് ?
ഉണ്ടാകാം ഇനിയും വറ്റാത്തൊരു പുഴ.
ഹൃദയത്തെ തുന്നിച്ചേർക്കുന്ന പുൽനാമ്പുകൾ
പുൽനാമ്പുകൾ വെള്ളം കുടിക്കുന്ന തീരവും.
Subscribe to:
Post Comments (Atom)
ഇന്ന് രാവിലെ വായിച്ചു ഈ കവിത, ചില രാത്രികളില്‍ നിന്ന് പോയ പോലെ. --കരുണാകരന്‍
ReplyDelete