Sunday, November 7, 2010

അമ്മ കത്തു വായിക്കുകയായിരുന്നു


ഒന്നൊന്നിനെ തൊട്ട് തൊട്ട്
അണിയണിയായി അരിച്ചു നീങ്ങും
ചോണനെറുമ്പു പോലുള്ളക്ഷരങ്ങൾ
മിന്നാമിന്നികളായ് ചിറകു വിടർത്തി

അമ്മ കത്ത് വായിക്കുകയായിരുന്നു

അവന്റെ കൈത്തലങ്ങൾ
കണ്ണീരാൽ പൊള്ളിയിരുന്നെന്നും
അവന്റെ നെഞ്ച് സങ്കടത്താൽ
കനത്തിരുന്നുവെന്നും അവൾ കണ്ടു.

കലങ്ങിയ കുളത്തിൽ തെന്നി മറയും
പരൽമീൻ കണക്കെ അവന്റെ
ചിരിക്കും മുഖവും നനവൂറും നയനങ്ങളും
വെയിലും മഴയും പോലെ
ഒരു വേവലായി പെയ്തിറങ്ങി
“എനിക്കിവിടെ സുഖമെന്ന” വിരാമത്തിൽ
കണ്ണിണ തടഞ്ഞു വീണനേരം
അവസാന ഉരുളച്ചോറ് തൊണ്ടയിൽ
കുരുങ്ങി പിടയുകയായിരുന്നവനെന്ന്
അപ്പോളവളറിഞ്ഞില്ല.

“ഞാൻ വരുമൊരു നാൾ കള്ളനെപ്പോലെ”
വാക്കുകൾ കണ്ണീരിൽ കനയ്ക്കുമ്പോൾ
വിപ്ളവം ജയിക്കട്ടെ എന്ന മുഴക്കം
ഭൂമിയുടെ മേലാപ്പ് ചീന്തിയെറിഞ്ഞതും
അപ്പോൾ അവളറിഞ്ഞില്ല.

“സസ്നേഹം വർക്കിച്ചൻ” എന്ന്
കത്ത് മാറോട് ചേർക്കുമ്പോൾ
പാഞ്ഞുപോകുകയായിരുന്നൊരു
വെടിയുണ്ടവന്റെ വാരിയെല്ലിലൂടെയെന്നും
അപ്പോൾ അവളറിഞ്ഞില്ല.

വിലാപ്പുറത്ത് കിനിയും ചോരയാലും
‘എന്റെ ദൈവമേ’ എന്ന ഗാഗുൽ-
ത്തായിൽ നിന്നുള്ള നിലവിളിയാലും
അവളുടെ മനസ്സു കനത്തു പുകഞ്ഞു

വേദപുസ്തകം പകുത്തവൾ വായിച്ചു
“ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു
ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു
ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു
കാവൽമാടം പോലെ ആടുന്നു
അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു.”

6 comments:

  1. the peom reremembering varghese is very communicative, thanks sujatha....

    shanavas pp
    deshabhimani thiruvanthapuram
    meshanavas@gmail.com

    ReplyDelete
  2. നല്ല കവിത ....നന്ദി .....
    അതോടൊപ്പം ടീച്ചെറിനു വരുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ വിജയ ആശംസകളും ......
    ടീച്ചറിന്റെ ഒരു പഴയ ശിഷ്യന്‍ ..........
    അജിഷ് തിരുവഞ്ചൂര്‍

    ReplyDelete
  3. "അവന്റെ കൈത്തലങ്ങള്‍
    കണ്ണീരാല്‍ പൊള്ളിയിരുന്നെന്നും
    അവന്റെ നെഞ്ച് സങ്കടത്താല്‍
    കനത്തിരുന്നുവെന്നും അവള്‍ കണ്ടു"
    കവിത വായിച്ചപ്പോള്‍ ഞാനും ഇതനുഭവിച്ചു.
    ഹൃദയസ്പര്‍ശിയായ കവിത. നന്ദി.

    ReplyDelete
  4. nice poem..Really touching.....thankuuu

    ReplyDelete