Thursday, September 23, 2010

വിട (മേയ്16 ,, 2010 )


ശ്വാസ വേഗങ്ങളിൽ ത്രസിക്കുന്ന
ഓക്സിജൻ ട്യൂ ബ്
നെഞ്ചിൽ ലാവയായി ഉരുകുന്ന
വാക്കുകൾ
മാറിലെ ചൂടിൽ ബാഷ്പമായി
വിതുമ്പലുകൾ
മെല്ലെയാകുന്ന കിളിക്കൂട്ടിലെ
ചിറകടി ശബ്ദം
പാദങ്ങളിൽ ഇഴഞ്ഞു നടക്കുന്ന
തണുപ്പ്
ഇറുക്കിയടച്ച കൺകോണിൽ തുളുമ്പുന്ന
കണ്ണീർക്കണം
നോമ്പരപ്പെട്ടിറക്കുന്ന തീർത്ഥമി- റ്റിക്കുന്ന വിറയ്ക്കുന്ന വിരലുകൾ
ചീറിയടിക്കുന്ന കാലവാതം പോലെ
നെടുവീർപ്പുകൾ.

വറ്റി തീരുന്ന കുളം പോലെ
കടൽ വലിച്ചു കുടിച്ച നദി പോലെ
എണ്ണ കുടിച്ചു കെട്ടു പോയ നിലാത്തിരി പോലെ
അയഞ്ഞു പോകുന്ന കൈത്തലം

Wednesday, September 22, 2010

പഞ്ചായത്ത് പ്രസിഡണ്ട് ദോശ ചുടുമ്പോൾ

അരിയും ഉഴുന്നും
ഒന്നിന് മൂന്ന്
മറക്കണ്ട ഒരു നുള്ള് ഉലുവ
ഓർക്കണ്ട പഞ്ചായത്തുറോഡിനുള്ള
സിമിന്റു കൂട്ടിനനുപാതം.

കഴുകി കുതിർക്കണം
രണ്ടു നാഴികയെങ്കിലും
അരച്ചെടുക്കണം പാകത്തിന്.
പാകം വനിതാഘടകപദ്ധതിക്കു
സമാനമെന്നു ചിന്തിച്ചു പോകരുത്

അതികാലെ ഉപ്പ് ചേർത്തിളക്കി
വെയ്ക്കണം ദോശമാവ് അടച്ച്‌
കുടുംബശ്രിയും പഞ്ചായത്തും തമ്മിൽ
എന്തെന്ന വിചാരം വേണ്ട അശേഷം

ചൂടാകണം കല്ല്‌ നല്ലതു പോലെ
കോരിയൊഴിക്കണം മാവ് ചേലായി
പുത്തനച്ചി പുരപ്പുറം തുക്കുമെന്ന വൈസ് -
പ്രസിഡണ്ടിൻ മൊഴി ഡിലീറ്റു ചെയ്യണം മനസ്സിൽ.

തീ കുറച്ച്, വെന്തു വരുമ്പോൾ
ശ്രദ്ധയോടെ മറിച്ചിടണം
വേണ്ട എന്റെ മേൽ ഭരണമെന്ന
സെക്രട്ടറിയുടെ കണ്ണുരുട്ടൽ കാണണ്ട തീരെ.

കടുക് വറക്കുമ്പോൾ ഉള്ളി
നന്നായി മൂക്കണം സാമ്പാറിന്
കേൾക്കണ്ട പഞ്ചായത്തിൽ മാലിന്യക്കൂനെയെന്ന
വരാന്തയിലെ പത്രവാർത്ത ഒട്ടുമേ.

ദോശയിലപ്പിടി കല്ലെന്നും
സാമ്പാറിലപ്പിടി ഉപ്പെന്നും
ചാട്ടവാറുകൾ ചങ്കിൽ പതിയുമ്പോൾ
ഓർത്തു പോകരുത് ദിവാകരനെ
മുടിക്കുത്തിൽ പിടിച്ചതിനു സരോജിനി
കോടതി കയറ്റിയ ദിവാകരനെ.

Wednesday, September 8, 2010

നിറക്കൂട്ടിലിറ്റിയ ചുടുരക്തം*

ഇളംമഞ്ഞു പുതപ്പൊട്ടൊന്നു നീക്കി
തല നീട്ടി സൂര്യൻ തൂമുറ്റത്ത്
നനഞ്ഞു കൂമ്പിയ ചെമ്പരത്തിപ്പൂവിൽ
തേനുണ്ണാനെത്തി സൂചിമുഖിയും.

ചലിച്ചൂ ഭംഗിയില്‍ ബ്രഷും വിരലും
ദ്യുതിയിൽ ദ്രുത താളമായി.

ഒരു ഞൊടിയിട, മറഞ്ഞൂ സൂര്യൻ
മേഘനിഴലിൽ വിഷാദനായി
ശരം പോലെ പറന്നു പോയി
തിടുക്കത്തിൽ സൂചിമുഖിയും.
പതിച്ചൂ ക്യാന്‍വാസിൽ
രക്തമിറ്റുമൊരു കൈത്തലം
ഒരു ദാലിച്ചിത്രത്തിലെന്ന പോലെ.

പേടിയാൽ കണ്ണിറുക്കിയടച്ചു പോയെങ്കിലും
അകക്കണ്ണാലവൾ കണ്ടു
വാത്സല്യമോതും ഗുരുനാഥന്റെ കൈത്തലം.
തൂകിപ്പോയ നിറക്കൂട്ടന്നപൂർവ്വ
ചാരുത പടർന്നിട്ടുണ്ട് വിരലുകളിൽ
നിറചാർത്തുകൾ കടഞ്ഞ തഴമ്പ്
ഒരു നിസ്കാരമുദ്ര പോൽ
തെളിയുന്നുണ്ട് ചൂണ്ടുവിരലിൽ.

കേൾക്കാം വേട്ടനായ്ക്കളുടെ കുതിപ്പുകൾ
ശ്വാസവേഗങ്ങൾ, ആക്രോശങ്ങൾ
കേൾക്കാം ഒച്ചയടച്ചുപോയ മണിസ്വനം
മാറ്റൊലി കൊളളും നിലവിളി.

മോഹനിദ്രയിലുറങ്ങും സൂര്യനു നേരെ
ചൂണ്ടും ചൂണ്ടുവിരലതെനിക്കു വേണം
ജീവന്റെ തായ്‌വേരു നനയ്ക്കും ചോര
ചീന്തുമീ കൈത്തലവുമെനിക്കു വേണം

വരഞ്ഞൂ പെണ്മണി ക്യാൻവാസിൽ
ഭൂമി തൻ നെറുകയെ തൊട്ടനുഗ്രഹിക്കും
രക്തമിറ്റുമൊരു കൈത്തലം
ഉച്ചസൂര്യനെ നോക്കി പറക്കും
സൂചിമുഖിയെയും.
o


*മതഭ്രാന്തന്മാരുടെ ആക്രമണത്തിൽ കൈപ്പത്തി നഷ്ടപ്പെട്ട പോയ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ടി ജെ ജോസഫിന്.

Wednesday, August 11, 2010

നടാൻ മറന്ന വിത്തുകൾ

'പടിക്കെട്ടിന്നരികെ നടണമൊരു വേപ്പുമരം
കണ്ണിനിമ്പം ഹരിതശോഭനം പത്രങ്ങൾ തൻ
കയ്പിൽ മുങ്ങിനിവരും മണിത്തെന്നൽ
നിറയ്ക്കും ആയുരാരോഗ്യം വീട്ടിന്നുള്ളിൽ.

അവിടെ നിന്നോട്ടെ ആ ഏഴിലംപാല
ഒട്ടും നോവിച്ചു പോവല്ലേ അതിനെ
എരിയും മണംപിടിച്ച് സുന്ദരയക്ഷികൾ
വന്നോട്ടെ ഏഴുതിരിയിട്ട വിളക്കുപോലെ

വെയ്ക്കാം ഒരശോകം മുറ്റത്തിന്നിറമ്പിൽ
വേരിലും താര് വിരിയുമശോകം
തടിയും പൂത്തുലയും പൊന്നശോകം
സന്താനഭാഗ്യത്തിനുത്തമമെന്ന് പ്രമാണം

വ്രീളാവിവശയായ് വിളർത്ത് മണ്ണിനെപ്പുണർന്നും
വിണ്ണോട് കലഹിച്ച് അരുണിമയാർന്ന് മുഖം തിരിച്ചും
പവിഴപ്പട്ടുവിരിച്ച പോൽ വേണ-
മൊരു പവിഴമല്ലി ഒരരികിൽ.

കുങ്കുമകേസരങ്ങളാൽ മുറ്റമാകെ
അന്തിയിലാകാശമെന്ന പോൽ
ചായംപൂശും പനിനീർചാമ്പ-
യൊന്നു വേണം സുനിശ്ചിതം.

പൊൻവെയിലുലയൂതി ഉണർത്തിയെടുക്കും
കാഞ്ചന കുസുമഹാരങ്ങളാലലംകൃതം
ഒരു കൊന്നവേണം നടുമുറ്റത്ത്
കണ്ണുചിമ്മി കണികാണാനെന്നാളും.

തേനുണ്ണാൻ കിളികൾ പറന്നെത്തി
കൂടുകൂട്ടാൻ കാകനെത്തി
പിന്നാലെ ഉപ്പനും.

ആശിച്ചപോലൊരു സുന്ദരഗേഹം
തുറന്ന വരാന്ത
കൂട്ടുകൂടിയിരിക്കാൻ വേറിട്ടൊരിടം
ഇടുങ്ങിയതെങ്കിലും ഇമ്പമാർന്ന പടിപ്പുര.
മഴനാരും വെയിൽ നുറുങ്ങും
കയറിയുമിറങ്ങിയും ഒളിച്ചുകളിക്കും
ഒരു ചെറുജലാശയമുണ്ടു വീട്ടിന്നുള്ളിൽ.

ഒരു പർണശാല പോൽ ശാന്തം
ചാരുവാം ഒരു ശില്പം പോൽ മോഹനം
ഏവരും മൊഴിഞ്ഞു തെല്ലൊരസൂയയോടെ.

എങ്കിലുമൊഴിഞ്ഞു പോയില്ലൊരിക്കലും
കർക്കിടകത്തിലെ തോരാവാവുകൾ
അടഞ്ഞു കിടന്നൂ പടിപ്പുര തുറക്കാതെ
ഉയർന്നില്ല പൊട്ടിച്ചിരികൾ വരാന്തയിൽ
പടിയിറങ്ങിപ്പോയി ഓരോരുത്തരായി ഉരിയാടാതെ.

വേരുകളാൽ മണ്ണിനടിയിൽ തമ്മിൽ പുണർന്നും
ശിഖരങ്ങളാൽ ഒന്നൊന്നിന് തണലായും തണുപ്പായും
ഉയിർക്കേണ്ട വിത്തുകൾ കിടക്കുന്നുണ്ടവരുടെ കീശയിൽ
ഉണങ്ങിവരണ്ട് ചുക്കിച്ചുളിഞ്ഞ് മൌനികളായി.

Thursday, August 5, 2010

എന്‍റെ പേര്


സ്പർശിക്കുമ്പോഴൊക്കെ നീ എഴുതി
ഓരോരോ പേരുകളെന്നുടലിൽ.
പനിനീർ മണക്കുന്ന കന്നി, പെണ്ണെന്ന്
മുടിനാരിഴയിൽ കടൽ കടന്ന കൃഷ്ണ,രാധയെന്ന്
സൂര്യജനെ പുഴയിലൊഴുക്കിയ അമ്മ,കുന്തിയെന്ന് പ്രാണനിൽ വാളുമായി പിറന്ന കന്യ,മറിയമെന്ന്
അഴിഞ്ഞ മുടിയാൽ കുലമറുത്ത പാഞ്ചാലീ,ദ്രൌപദിയെന്ന്
സ്നാപകശിരസ്സ് തളികയിലേന്തും പ്രണയിനി, ശലോമിയെന്ന്
അഗ്നിയെ ജയിച്ചിട്ടും തോറ്റു പോയ പൂമകൾ, സീതയെന്ന്
അവസാനം നീ എഴുതി മഗ്ദലനമറിയമെന്ന്.
പേരിന്‍റെ ആവനാഴിയൊഴിഞ്ഞു.
ഇരുട്ടിൽ നാവുകൾ ഏറ്റുപാടി, മഗ്ദലനമറിയം.

എന്‍റെ പേര് മഗ്ദലനമറിയം
ഇതെന്‍റെ ഛേദിച്ച ശിരസ്സ്
ഇത് നിന്‍റെ പാദങ്ങളെ ചുംബിച്ച് ശുചിയാക്കും
ഇതെന്‍റെ കബന്ധം
ഇത് നിന്‍റെ പാപങ്ങൾ ഏറ്റുവാങ്ങും.

കടലിൽ നിന്ന് ഏഴ് കതിരുകൾ പൊന്തി വന്നു
അവ പാലുറച്ചതും പൊന്നിൻ നിറമുള്ളതുമായിരുന്നു
പിന്നാലെ പൊന്തിവന്നതേഴ് കുതിരകൾ
കതിരിലൊന്നുപോലും ചവിട്ടി മെതിക്കാതെ
അവ കടന്നുപോയി.

Sunday, August 1, 2010

ഇരുവൾ/ഒരുവൾ


രണ്ടു സ്ത്രീകളായിരുന്നു അവൾ
മഴയെ കിനാവുകണ്ടുണരുന്ന ഒരുവൾ
മരുപ്പച്ച തേടി കാലുവെന്ത മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ദിനരാത്രങ്ങളുടെ നുകത്തിലെ പടുകിഴവിയൊരുവൾ
ആനന്ദാസക്തികളാൽ യൌവനയുക്ത മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ദിനവും വിരിയുന്ന പുതുമുകുളമാ- യൊരുവൾ
വിരല്‍പ്പാടുകളാലും മുദ്രകളാലും അടയാള- പ്പെട്ടവൾ മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ഓരോരിക്കലും ഉടന്തടി ചാടുന്നൊരുവൾ
സീമന്തസിന്ദൂരങ്ങളെ വെടിപ്പാക്കുന്ന മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
എണ്ണയും പിണ്ണാക്കുമായി ചക്കാ- കുന്നൊരുവൾ
ഉയർന്നു പറക്കുന്ന ഊഞ്ഞാലിലെ നിത്യസഞ്ചാരിണി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
വെറുത്തു വെറുത്ത് വിഷക്കനി - യായൊരുവൾ
പുണർന്നു പുണർന്നു പൂങ്കനിയായി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
പറന്ന് പറന്ന് പറവയാ - യൊരുവൾ
ഇഴഞ്ഞിഴഞ്ഞ് ഇഴജന്തുവായി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ഒടുങ്ങാത്ത തിരകളുടെ സാഗരമാ - യൊരുവൾ
ഒരിക്കലും വഴങ്ങാത്ത കരിമ്പനക്കുന്നായി മറ്റൊരുവൾ.

ഇക്കാലം എന്നിലിരുവരും ഒന്നായി
കാടുകളെ ചുട്ടുകളയുന്ന തീപിടിത്തമായത്
വൻകരകളെ മുക്കിക്കളയുന്ന പ്രളയമായത്
ഗ്രഹങ്ങളെ കൂട്ടിയിടിപ്പിക്കുന്ന വശീകരണമായത്
പ്രപഞ്ചങ്ങളുടെ ആകെ ഒന്നാകലായത്
ആയിരത്താണ്ടിലെ തോരാമഴയായത്
ആയിരത്താണ്ടിലെ എരിയും വറുതിയായത്

അത്, കടപ്പുറത്തെ മണൽത്തരികളെയും
ആകാശത്തിലെ നക്ഷത്രങ്ങളെയും
ഊതിപ്പറത്തിക്കളഞ്ഞു.

Monday, July 26, 2010

2010

2009, നിഷേധിച്ചു
പോയതെന്ത്?
വിടർത്തിയതെന്ത്?
അടർത്തിയതെന്ത്?

കവിത കുറിക്കാനൊരു
നോട്ടു പുസ്തകം.
കവിതയെന്നുമെനിക്ക്
ഊർന്നു പോകുന്ന ഇടവഴിയായിരുന്നു,
പിന്നാമ്പുറത്തെ മുറ്റമായിരുന്നു.

അവിടെ നക്ഷത്രങ്ങളെ ചവുട്ടി ഞാൻ നടന്നു
ആകാശമുല്ലകളിലെ കിളിക്കൂടുകൾ
തേടി ഞാൻ കിതച്ചു
കിനാക്കളിൽ നടന്ന്
കാല് വെന്ത് അലമുറയിട്ടു.

രണ്ടിൽ നിന്ന് പൂജ്യത്തിലേക്ക്
വളരുകയാണാണ്ടുകൾ
എന്‍റെ ഹൃദയരക്തത്തിൽ
കുറിതൊട്ടു ഞാൻ കുറിക്കും
മൃത്യുമുദ്രകളൊന്നൊന്നായി
എന്നിൽ നിന്നൊഴിഞ്ഞു പോകും
നിന്‍റെ കടൽ ഗന്ധമെന്നിൽ
മലങ്കാറ്റാവുമ്പോൾ.

വംഗമങ്ക


(ശാന്തിനികേതനിൽ നിന്ന് ഭോല്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ കണ്ട ഒരു കാഴ്ച)
സ്വച്ഛസ്ഫടികമൊരു പാത്രം പോലെ
നിശ്ചലം നിശബ്ദമൊരു ജലാശയം.
വെള്ളിമേഘങ്ങൾ മുഖം നോക്കും
ജലാശയത്തിനതിരുകളിട്ടു
കരിമ്പനകൾ തൻ നിഴലുകൾ.

വിരലോരോന്നും ഓരോ മരമായി
വളർന്നു ഗംഭീരനായ് മദ്ധ്യവയസ്ക്കന്ന-
രയാൽ കാവലാളായി ജലാശയത്തിന്.
അരയാലില ചവച്ചും തമ്മിൽ ചൊറിഞ്ഞും
ചലപില പറഞ്ഞും
ചാടി മറിഞ്ഞു വാനരങ്ങൾ.

വെയിലുറയൂരും നട്ടുച്ചയിൽ
ചാലുകീറിയ വിയർപ്പു തുള്ളികൾ തുടച്ചും
ഒറ്റ വസനത്താൽ നാണം മറച്ചും
നടന്നു വരുന്നാൾ ഒരു സുന്ദരി തിടുക്കത്തിൽ.

യൌവനം വിട ചൊല്ലാൻ ശങ്കിക്കും ഗാത്രം
മങ്ങിയ കല്ലുകളാൽ മെനഞ്ഞ മൂക്കുത്തി
മെഴുക്ക് പുരളാൻ കൊതിക്കുന്ന മുടിക്കെട്ട്.
എങ്കിലും തിളങ്ങുന്നുണ്ട് മോഹനം ഒരു
ചിരി ആ ചുണ്ടുകളിൽ.
ഉണ്ട്, ചുമലിലൊരു മീൻ കോരും ഒറ്റാൽ.

അടുപ്പിൽ തിളയ്ക്കുന്നുണ്ടൊരുഴക്കു പച്ചരി
വേഗം മടങ്ങണം കിട്ടുന്ന മീനുമായി
കുഞ്ഞുങ്ങളെത്താറായല്ലോ
പൊരിയുന്ന വയറുമായി.
ഉച്ചമയക്കത്തിലമർന്നു കിടക്കും
കുഞ്ഞോളങ്ങളെ ഉണർത്തിടാതെ
മുട്ടറ്റം നീരിലിറങ്ങി ആ വംഗമങ്ക.
അരനാഴികനേരത്തിന്നിടയിൽ
കൂടെക്കരുതിയ മുളങ്കൂടയിൽ
മാനത്തുകണ്ണിപോൽ കുറച്ചു മീൻകുഞ്ഞുങ്ങൾ.
ചുണ്ടിലൊഴിയാത്ത തിളക്കവുമായി
കിട്ടിയ കൊറ്റിൽ മതിവന്ന്
നടന്നു നീങ്ങീ പെണ്ണാൾ
വാനരക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി വരമ്പിലൂടെ.

Monday, July 12, 2010

ഓപ്പറേഷൻ


പഴകിയ ദാമ്പത്യം വേർപെടുത്തുന്നത്
സയാമീസ് ഇരട്ടകളെ വേർപെടുത്തും പോലെ
ഉരഞ്ഞുരഞ്ഞ് ഒന്നായിപ്പോയ ഉടലുകൾ
കലഹിച്ച് കലഹിച്ച് വേറിട്ട് പോയ തലകൾ
ഒന്നായ വഴിയിൽ ഉടലുകൾ
കൂട്ടിപ്പിണഞ്ഞ് വീണുകൊണ്ടിരുന്ന ഇരുവർ
ഞാൻ ഞാൻ എന്ന് തറുതല പറഞ്ഞ്
തലതല്ലിയിരുന്ന ഇരുവർ
മുറിച്ചുമാറ്റാൻ വൈകുന്തോറും
ചത്തുതുലഞ്ഞ് ചീഞ്ഞുനാറും ഇരുവരും
മുറിച്ചുമാറ്റിയാൽ വെന്‍റിലേറ്റിൽ
ഊർദ്ധൻ വലിക്കുമിരുവരും.

Saturday, July 3, 2010

അയലത്തെ കുട്ടി


അവൻ ആരോടോ പരിഭവിച്ചു
ശബ്ദം ഉയർത്തി കലഹിച്ചു
വിളിക്കാത്ത ഫോണിന് കാതോർത്തു
ചോദിക്കാത്തതിനൊക്കെയും ഉത്തരം പറഞ്ഞു.
വീണു കിടന്ന തെങ്ങോലയ്ക്കടിയിലെ
പുല്ലുപോലെ അവൻ വിളർത്തിരുന്നു
ഓർക്കാപ്പുറത്തോടിയെത്തുന്ന മഴ പോലെയും
ഓർത്തോർത്തു പെയ്യുന്ന മഴ പോലെയും
ഒരു പ്രവാചകനെന്ന പോലെ അവൻ പറഞ്ഞുകൊണ്ടിരുന്നു.
പാതിരാകളെ പിളർന്ന നിലവിളികൾ
ഉറങ്ങാൻ കിടന്ന വീടുകളെ ചുഴലിക്കാറ്റായി കശക്കിയെറിഞ്ഞു.
ഒരുനാൾ, മഴയൊക്കെയും തോർന്നു പോയി
പ്രവചനങ്ങളൊക്കെയും നിലച്ചുപോയി
നിലവിളികളൊക്കെയും അലസിപ്പോയി.
കണ്ണാന്തളികൾ പൂത്ത കിണറ്റിൻ തണുപ്പിൽ
ഉത്തരങ്ങളില്ലാ ചോദ്യങ്ങൾക്ക് കാതോർത്ത്
അവൻ നിശ്ശബ്ദനായി.