Sunday, January 17, 2010

എന്‍റെ ഭാഷ


കുനുകുനെ പിറുപിറുപ്പായി
മഴപോലൊരു കാറ്റു പോലെ
പ്രവാഹം പോലൊരു കടലു പോലെ
ഇടിനാദം പോലൊരു സ്വർഗദൂത് പോലെ
ഒരു ഭാഷ.
ചെവി വട്ടം പിടിച്ചു മനസ്സിലുരുട്ടി നോക്കി
ഭാഷാശാസ്ത്രവിചാരം ചെയ്തു
നാനാ ഭാഷാവിശാരദരോടു ചർച്ച ചെയ്തു
അറിയുന്നില്ലീ മൊഴിവഴക്കമേതെന്ന്.
പഞ്ഞിത്തലപ്പുപോലുള്ള മുടിക്കെട്ട്
ചിരിയും കരച്ചിലും ചാലു കീറിയ വദനം
ആഴങ്ങൾ പരതുന്ന മുത്തുപോലുള്ള നയനങ്ങൾ
ഭംഗിയാർന്ന വിലാസനിഴലുകൾ വെട്ടം തൂർത്തുന്ന ഉടൽ
കാലപ്പടവുകളിൽ നടന്ന് മിനുസമാർന്ന പാദങ്ങൾ .
ആരു നീ മുത്തശ്ശീ,
വഴിയോരത്തൊരു പ്രവാചകനാദം പോലെ.
ഉമിത്തീ നീറ്റലായി നെഞ്ചകം പിളർന്നോരു നോവായി
ഉള്ളിലാ നാദം വ്യാകരണങ്ങളേതും കീഴ്മേൽ മറിച്ചു.
അറിയുമോ അറിയുമോ ഈ മുത്തിയമ്മയെ
അറിയുമോ അറിയുമോ അഗ്നിസ്ഫുലിംഗം പോലുള്ളീ മൊഴിയെ.
ഓർമ്മക്കിണ്ണങ്ങൾ തട്ടി മറിഞ്ഞ്
മറവി മേഘങ്ങൾ തൂത്തുമാറ്റി.
ഇതാണെന്‍റെ ഭാഷ
മാലോകർ മറന്നുപോയൊരു ഭാഷ
കുഞ്ഞിനുരുളയൂട്ടുന്ന ഭാഷ
നെഞ്ചു നീറിപ്പുകയുന്ന ഭാഷ
ഫണം വിടർത്തിയാടുന്ന ഭാഷ
ഈറ്റുനോവാൽ പിടയുന്ന ഭാഷ
അപമാനിതയായ പെണ്ണകത്തിന്‍റെ ഭാഷ
ഉടലിനെ പൊതിഞ്ഞുപിടിക്കുന്ന ഭാഷ
പൂവ് തല തല്ലിച്ചിരിക്കുന്ന ഭാഷ
പുല്ലിന്‍റെ നനവൂറുന്ന ഭാഷ
കുഞ്ഞോളങ്ങൾ ഇക്കിളിയാക്കുന്ന ഭാഷ
മുങ്ങാംകുഴിയിടുമ്പോൾ ശ്വാസം പിടിക്കുന്ന ഭാഷ
പുതുമഴലഹരിയിൽ മദിക്കുന്ന മണ്ണിന്‍റെ ഭാഷ
ഇതാണെന്‍റെ ഭാഷ
സ്ത്രീചിത്തമോരുന്നോരു ഭാഷ.

No comments:

Post a Comment