Monday, October 11, 2010

ശാന്തിതീരം

ഇളംപല്ലവ മടിയിലുറങ്ങും
ചെമ്പകമൊട്ടെന്നപോലെ
അമ്മ തന്മാറിൽ മയങ്ങുക-
യാണാ പൈതൽ പനിച്ചൂടിൽ.
മലരു പൊരിയും ചട്ടി പോൽ
പൊള്ളുന്നുണ്ട് കുഞ്ഞിൻ നെറ്റിത്തടം.

ഇടിമിന്നൽ നീട്ടിയ ഇത്തിരി വെട്ടത്തിൽ
അവൾ നടന്നൂ എങ്ങോട്ടെന്നറിയാതെ
തെറിവാക്കുകൾ തെറിച്ചുരുണ്ടവൾക്കു
പിന്നാലെ തീയുണ്ടകൾ കണക്കെ.

ഓർത്തില്ലവൾ ജീവിതമിത്രമേൽ ചെങ്കനൽ വിരിച്ചതാകുമെന്ന്
വരില്ലൊരിക്കലുമെന്നു മൊഴിചൊല്ലി
കിനാക്കളൊക്കെ പറന്നു പോയി ദൂരെ ഇഴഞ്ഞു നീങ്ങീ ദിനങ്ങൾ
ഒച്ചിനേപ്പോലെ തണുത്തു തണുത്ത്.


ഒരു പിഞ്ചോമന പിറന്നു
മനസ്സിൽ നവതാളമായി.
ഉഷ്ണപ്രവാഹങ്ങൾ നിലച്ചു പോയെന്നും
തെളിനീരുറവകൾ കണ്ണുതുറന്നെന്നും
കിനാവു കണ്ടവൾ വെറുതെ

എങ്കിലും പതിവുകളൊന്നും തെറ്റിയില്ലയാൾക്ക്
വീടണഞ്ഞു കൂവലും വിളികളുമോടെ
ഉറങ്ങുകയാണാ പൈതൽ പനിച്ചൂടിൽ.
പാൽ‌പ്പതയൂറുമൊരു ചിരിയുണ്ട് ചുണ്ടിൽ
വിരുന്നു വരുന്നുണ്ടാവാം മാലാഖമാർ കിനാവിൽ.

കുഞ്ഞിനെ വലിച്ചെടുത്തയാൾ
പരിശോധിക്കയാണംഗോപാംഗം
കൊല്ലും ഞാനിതിനെ; നിന്നെയും

കുഞ്ഞിനെയുമെടുത്തോടുകയാണവൾ
ഏത് ദിക്കിലേക്കെന്നറിയാതെ
കനത്തു വരുന്നുണ്ട് ആകാശം
ഞെരിക്കുന്നുണ്ട് മഴത്തുള്ളികൾ.

കാണാം ദൂരെ പിറന്ന വീടിൻ പടിവാതിൽ
ഉണ്ടവിടെ മകളെയോർത്ത് തപിക്കുമൊരു
മാതാവ് കണ്ണീരോടെ പ്രാർത്ഥനയിൽ
കനം തൂങ്ങിയവൾക്ക് പാദങ്ങളിൽ
വെന്തുപോയി ഹൃദയം നെടുവീർപ്പിനാൽ.

മഴയൊഴിഞ്ഞു പോയെപ്പൊഴോ
നീട്ടിയിട്ടുണ്ട്, നിലാവൊരു തിരി.
ഇലഞ്ഞിപ്പൂവിൻ മദഗന്ധവും
പാലപ്പൂവിൻ എരിയും മണവും
പുല്ലാഞ്ഞിപ്പൂവിൻ മർമ്മരവും ഇലച്ചാർത്തുകൾ തളിക്കും പനിനീരും
ആനയിച്ചവളെ കൊട്ടും കുരവയുമില്ലാതെ


ഒരിളം കാറ്റ് ചുറ്റിത്തിരിഞ്ഞ-
വൾക്കു ചുറ്റും വാത്സല്യമോടെ
ബാല്യകാലസഖിയാണാ കൂട്ടുകാരി
കളിച്ചും കുളിച്ചുമൊരുമിച്ചു വളർന്നവർ.

കണ്ണീരൊപ്പി സഖി
നനഞ്ഞ കൈത്തലത്താൽ
കനിവോടെ ചേർത്തു പിടിച്ചൂ
തോളിൽ മധുരമൊരു കിനാവു പോലെ
ചേർത്തൂ ചേതസ്സിലേക്ക്
ഗാഢം പുണർന്ന്

അവളുറങ്ങി ശാന്തമായി
വേവലുകളേതുമില്ലാതെ.
തത്തിക്കളിക്കുന്നുണ്ടൊരു
ചെറുചിരി ചുണ്ടുകളിൽ
വിരുന്നു വരുന്നുണ്ടാവാം
കിനാവിൽ മാലാഖമാർ!

കേട്ടൂ ആറ്റിൻ തീരത്ത്
ഇരുട്ടിൻ ശാന്തിയെ ഭേദിച്ച്
കുഞ്ഞിൻ നിലവിളിയൊരു
പ്രാർത്ഥനാ ഗാനം പോലെ.

Friday, October 1, 2010

അയോദ്ധ്യയിലെ അരയാൽ മരം


അയോദ്ധ്യയെന്നും സരയുവിലേക്കൊഴുകി-
യിറങ്ങുന്നൊരു കണ്ണീർക്കണം
പുത്രശോകത്തിൻ ഉമിത്തീയിലല്ലോ നീ പിറന്നത്
വിരഹവേവലാൽ നീരാവിയായല്ലോ നീ പലകുറിയും
അഹല്യതൻ ഗദ്ഗദം ആയിരത്താണ്ട് വറുതിയായതും
പിന്നെ പേമാരിയായതും നിന്നിലല്ലോ
മറ്റൊരു പെണ്ണിൻ കണ്ണീരിൽ നെഞ്ച് പൊള്ളി
പിളർന്നു പോയതും നീ തന്നെയല്ലോ.

ഒരു നാൾ ഒരു നിലാവിൽ
ഒരരയാൽ മരം ഇലനീട്ടി
സരയുവിൻ തീരത്ത് ചിതമോടെ
കാണെക്കാണെ വളർന്നു കണ്ണിനിമ്പമായ്
ഇലകൾ നീണ്ടു വേരുകൾ പടർന്നു
അതിരുകളിലേഴിലേക്കും ചന്തമോടെ.

നാടിന്നേതു കോണിൽ നിന്നും കാണാം
അയോദ്ധ്യക്ക് മകുടം പോലുള്ള അരയാലിനെ.
വേപഥുകളകന്നുപോയി അയോദ്ധ്യയിൽ
തിളങ്ങീ കണ്ണുകളാമോദത്തിൻ ചിരാതുകളാൽ
അയ്യനും വാവരും പോൽ കുഞ്ഞുങ്ങൾ
ഓടിക്കളിച്ചു അരയാൽത്തറയിൽ
ഉത്സവങ്ങൾ, ആഘോഷങ്ങൾ
ചന്തകൾ, പെൺകൊടകൾ...
അരങ്ങേറി ദിനവും അരയാൽത്തണലിൽ.
ചെങ്കോലിൻ താഡനങ്ങളെ
ചെറുത്തൂ തോളോടു തോൾ ചേർന്ന്.
പാലൂട്ടി മാമൂട്ടി തിരുവാടകൾ ചാർത്തി
തിരുവാഭരണങ്ങൾ ചേർത്ത്
ആരാധിച്ചു അരയാലിനെയെന്നാളു-
മേവരും ഏകമനമോടെ.

സരയു സ്വയമൊരു ചാപമായി
കാവലാളായി അരയാലിന്. മുത്തിനെ ചിപ്പിയെന്നപോൽ
ഹൃത്തിലേറ്റി അരയാലിനെ അയോദ്ധ്യ.

അന്ന് ആ പ്രഭാതം,
മറക്കില്ലൊരിക്കലുമയോദ്ധ്യ
കാടെരിഞ്ഞു വേനലിൻ വെറിയില്ലാതെ
പാതിവെന്ത മൃഗങ്ങൾ പാഞ്ഞുനടന്നു ഭ്രാന്തരായ്
ഓളങ്ങൾ കലഹിച്ചു സരയുവിനോട്
എന്തിനെന്ന് പറയാതെ.

അയോദ്ധ്യയന്ന് കണികണ്ടുണർന്നത്
ആൽമരത്തിൽ തൂങ്ങിയാടും
രാംചരൺ ദാസിനെയും ഷാ മൌലവിയെയും.*

മറഞ്ഞൂ സരയു തമസ്സിൻ ശൂന്യതയിൽ
മറഞ്ഞൂ കിളികൾ ഇരുളിൻ കാടകങ്ങളിൽ

ഒരു അരയാൽ വിത്തിലെന്നപോൽ
ചുരുങ്ങി അയോദ്ധ്യ ആൽത്തറയിൽ
ഊണുറക്കമില്ലാതെ കാവലായി അരയാലിന്.
എങ്കിലും ഒരുനാളൊരു രാവിൽ
മിഴിപൂട്ടിപ്പോയി അയോദ്ധ്യ
ഏതോ മായാപിഞ്ചിക തൊട്ടാലെന്ന പോലെ


ഇല്ല അരയാൽ . ഇല്ല ആൽത്തറ.
വേർട്ടുപോയി കൊരുത്ത കൈകൾ
പിളർന്നു പോയി ഒന്നായ ഹൃദയങ്ങൾ.

കടക്കണ്ണുകൾ ചുട്ടുപൊള്ളുന്നതും
ചൂണ്ടുവിരലിൽ അഗ്നി കടയുന്നതും
ഉറയിൽ ആയുധം മുന കൂർപ്പിക്കുന്നതും
അറിഞ്ഞു അയോദ്ധ്യ ചകിതയായ് .
ഒഴുകുകയാണപ്പൊഴും സരയു
കണ്ണീർക്കണം പോലെ തെളിഞ്ഞ്
കാണാം ഓടിത്തിമർക്കും
പൈതങ്ങൾ തൻ നിഴലുകൾ
വലുതായ് സരയുവിൻ തീരത്ത്
കളിക്കയാണവർ കൈകൾ കൊരുത്ത്
പണിയുകയാണവർ ചിറകൾ
ചേതസ്സിൽ നിന്ന് ചേതസ്സിലേക്ക്.

ഇല നീട്ടി ഒരു കുഞ്ഞരയാൽ മരം പിന്നെയും
സരയുവിൻ തീരത്ത് ചിതമോടെ.


* അയോദ്ധ്യയുടെ ജനകീയ ഐക്യത്തിനും സ്വാതന്ത്ര്യബോധത്തിനും നേതൃത്വം കൊടുത്ത രാംചരൺ ദാസിനെയും ഷാ മൌലവിയെയും 1888 മാർച്ച് 10ന് ബ്രിട്ടീഷുകാർ ഒരു ആൽമരത്തിൽ തൂക്കിലേറ്റി. പിന്നീട് ആ ആൽമരം അയോദ്ധ്യയുടെ ആരാധനാ കേന്ദ്രവും പ്രചോദനവുമായി മാറിയപ്പോൾ അവർ അത് വെട്ടി നശിപ്പിച്ചു.