Monday, July 26, 2010

2010

2009, നിഷേധിച്ചു
പോയതെന്ത്?
വിടർത്തിയതെന്ത്?
അടർത്തിയതെന്ത്?

കവിത കുറിക്കാനൊരു
നോട്ടു പുസ്തകം.
കവിതയെന്നുമെനിക്ക്
ഊർന്നു പോകുന്ന ഇടവഴിയായിരുന്നു,
പിന്നാമ്പുറത്തെ മുറ്റമായിരുന്നു.

അവിടെ നക്ഷത്രങ്ങളെ ചവുട്ടി ഞാൻ നടന്നു
ആകാശമുല്ലകളിലെ കിളിക്കൂടുകൾ
തേടി ഞാൻ കിതച്ചു
കിനാക്കളിൽ നടന്ന്
കാല് വെന്ത് അലമുറയിട്ടു.

രണ്ടിൽ നിന്ന് പൂജ്യത്തിലേക്ക്
വളരുകയാണാണ്ടുകൾ
എന്‍റെ ഹൃദയരക്തത്തിൽ
കുറിതൊട്ടു ഞാൻ കുറിക്കും
മൃത്യുമുദ്രകളൊന്നൊന്നായി
എന്നിൽ നിന്നൊഴിഞ്ഞു പോകും
നിന്‍റെ കടൽ ഗന്ധമെന്നിൽ
മലങ്കാറ്റാവുമ്പോൾ.

വംഗമങ്ക


(ശാന്തിനികേതനിൽ നിന്ന് ഭോല്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ കണ്ട ഒരു കാഴ്ച)
സ്വച്ഛസ്ഫടികമൊരു പാത്രം പോലെ
നിശ്ചലം നിശബ്ദമൊരു ജലാശയം.
വെള്ളിമേഘങ്ങൾ മുഖം നോക്കും
ജലാശയത്തിനതിരുകളിട്ടു
കരിമ്പനകൾ തൻ നിഴലുകൾ.

വിരലോരോന്നും ഓരോ മരമായി
വളർന്നു ഗംഭീരനായ് മദ്ധ്യവയസ്ക്കന്ന-
രയാൽ കാവലാളായി ജലാശയത്തിന്.
അരയാലില ചവച്ചും തമ്മിൽ ചൊറിഞ്ഞും
ചലപില പറഞ്ഞും
ചാടി മറിഞ്ഞു വാനരങ്ങൾ.

വെയിലുറയൂരും നട്ടുച്ചയിൽ
ചാലുകീറിയ വിയർപ്പു തുള്ളികൾ തുടച്ചും
ഒറ്റ വസനത്താൽ നാണം മറച്ചും
നടന്നു വരുന്നാൾ ഒരു സുന്ദരി തിടുക്കത്തിൽ.

യൌവനം വിട ചൊല്ലാൻ ശങ്കിക്കും ഗാത്രം
മങ്ങിയ കല്ലുകളാൽ മെനഞ്ഞ മൂക്കുത്തി
മെഴുക്ക് പുരളാൻ കൊതിക്കുന്ന മുടിക്കെട്ട്.
എങ്കിലും തിളങ്ങുന്നുണ്ട് മോഹനം ഒരു
ചിരി ആ ചുണ്ടുകളിൽ.
ഉണ്ട്, ചുമലിലൊരു മീൻ കോരും ഒറ്റാൽ.

അടുപ്പിൽ തിളയ്ക്കുന്നുണ്ടൊരുഴക്കു പച്ചരി
വേഗം മടങ്ങണം കിട്ടുന്ന മീനുമായി
കുഞ്ഞുങ്ങളെത്താറായല്ലോ
പൊരിയുന്ന വയറുമായി.
ഉച്ചമയക്കത്തിലമർന്നു കിടക്കും
കുഞ്ഞോളങ്ങളെ ഉണർത്തിടാതെ
മുട്ടറ്റം നീരിലിറങ്ങി ആ വംഗമങ്ക.
അരനാഴികനേരത്തിന്നിടയിൽ
കൂടെക്കരുതിയ മുളങ്കൂടയിൽ
മാനത്തുകണ്ണിപോൽ കുറച്ചു മീൻകുഞ്ഞുങ്ങൾ.
ചുണ്ടിലൊഴിയാത്ത തിളക്കവുമായി
കിട്ടിയ കൊറ്റിൽ മതിവന്ന്
നടന്നു നീങ്ങീ പെണ്ണാൾ
വാനരക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി വരമ്പിലൂടെ.

Monday, July 12, 2010

ഓപ്പറേഷൻ


പഴകിയ ദാമ്പത്യം വേർപെടുത്തുന്നത്
സയാമീസ് ഇരട്ടകളെ വേർപെടുത്തും പോലെ
ഉരഞ്ഞുരഞ്ഞ് ഒന്നായിപ്പോയ ഉടലുകൾ
കലഹിച്ച് കലഹിച്ച് വേറിട്ട് പോയ തലകൾ
ഒന്നായ വഴിയിൽ ഉടലുകൾ
കൂട്ടിപ്പിണഞ്ഞ് വീണുകൊണ്ടിരുന്ന ഇരുവർ
ഞാൻ ഞാൻ എന്ന് തറുതല പറഞ്ഞ്
തലതല്ലിയിരുന്ന ഇരുവർ
മുറിച്ചുമാറ്റാൻ വൈകുന്തോറും
ചത്തുതുലഞ്ഞ് ചീഞ്ഞുനാറും ഇരുവരും
മുറിച്ചുമാറ്റിയാൽ വെന്‍റിലേറ്റിൽ
ഊർദ്ധൻ വലിക്കുമിരുവരും.

Saturday, July 3, 2010

അയലത്തെ കുട്ടി


അവൻ ആരോടോ പരിഭവിച്ചു
ശബ്ദം ഉയർത്തി കലഹിച്ചു
വിളിക്കാത്ത ഫോണിന് കാതോർത്തു
ചോദിക്കാത്തതിനൊക്കെയും ഉത്തരം പറഞ്ഞു.
വീണു കിടന്ന തെങ്ങോലയ്ക്കടിയിലെ
പുല്ലുപോലെ അവൻ വിളർത്തിരുന്നു
ഓർക്കാപ്പുറത്തോടിയെത്തുന്ന മഴ പോലെയും
ഓർത്തോർത്തു പെയ്യുന്ന മഴ പോലെയും
ഒരു പ്രവാചകനെന്ന പോലെ അവൻ പറഞ്ഞുകൊണ്ടിരുന്നു.
പാതിരാകളെ പിളർന്ന നിലവിളികൾ
ഉറങ്ങാൻ കിടന്ന വീടുകളെ ചുഴലിക്കാറ്റായി കശക്കിയെറിഞ്ഞു.
ഒരുനാൾ, മഴയൊക്കെയും തോർന്നു പോയി
പ്രവചനങ്ങളൊക്കെയും നിലച്ചുപോയി
നിലവിളികളൊക്കെയും അലസിപ്പോയി.
കണ്ണാന്തളികൾ പൂത്ത കിണറ്റിൻ തണുപ്പിൽ
ഉത്തരങ്ങളില്ലാ ചോദ്യങ്ങൾക്ക് കാതോർത്ത്
അവൻ നിശ്ശബ്ദനായി.