Sunday, November 7, 2010

ആരുമില്ലാത്തവർക്കു തുണ പുലി

കണ്ണാടി കറുത്തിരുന്നു
ചങ്ങാതിക്ക് കണ്ണില്ലായിരുന്നു
മേയാൻ വിട്ട പശുക്കൾ
മീൻ പിടിക്കാൻ കടലിൽ പോയി
മഴയത്ത് കടൽ നനയുകയായിരുന്നു
കയറിനില്ക്കാനൊരു മരത്തണലുമില്ല
തണുത്ത കടൽ കരയോടൊട്ടിനിന്നു
ആകാശത്താകെ ഇരുട്ട്
കുടയെടുക്കാൻ പോയ ചന്ദ്രനിതുവരെ മടങ്ങിയില്ല
പുല്ലാഞ്ഞിക്കാട്ടിലെ സർപ്പം
പൂപ്പാത്രത്തിലിരുന്നു കുരിശു വരച്ചു
ആറ്റിലെ വാളമീനൊക്കെ
ഇടവഴി കയറി വീട്ടിൽ വന്നു
വീട്ടിലെ കോഴിയെല്ലാം
ആറ്റിൻ തണുപ്പിൽ ചേക്കേറി
ഇന്നലെ ഞാൻ വന്നിരുന്നു
നിന്നെ കണ്ടിരുന്നു
ഇന്നു നീ വന്നില്ല
എന്നെ കണ്ടതുമില്ല
തീയില്ലാതെ പുകയില്ലെന്നത് പച്ചക്കള്ളം
പുകഞ്ഞുകൊണ്ടിരിക്കുന്നതൊന്നും കത്തില്ലൊരിക്കലും
മഴ നനയാനെനിക്കൊരു കൂട്ടുവേണം
കാട്ടിൽ പോയി ഒരു പുലിയെ പിടിച്ചാലോ
ആരോരുമില്ലാത്തവർക്ക് പുലി തന്നെ തുണ.

അമ്മ കത്തു വായിക്കുകയായിരുന്നു


ഒന്നൊന്നിനെ തൊട്ട് തൊട്ട്
അണിയണിയായി അരിച്ചു നീങ്ങും
ചോണനെറുമ്പു പോലുള്ളക്ഷരങ്ങൾ
മിന്നാമിന്നികളായ് ചിറകു വിടർത്തി

അമ്മ കത്ത് വായിക്കുകയായിരുന്നു

അവന്റെ കൈത്തലങ്ങൾ
കണ്ണീരാൽ പൊള്ളിയിരുന്നെന്നും
അവന്റെ നെഞ്ച് സങ്കടത്താൽ
കനത്തിരുന്നുവെന്നും അവൾ കണ്ടു.

കലങ്ങിയ കുളത്തിൽ തെന്നി മറയും
പരൽമീൻ കണക്കെ അവന്റെ
ചിരിക്കും മുഖവും നനവൂറും നയനങ്ങളും
വെയിലും മഴയും പോലെ
ഒരു വേവലായി പെയ്തിറങ്ങി
“എനിക്കിവിടെ സുഖമെന്ന” വിരാമത്തിൽ
കണ്ണിണ തടഞ്ഞു വീണനേരം
അവസാന ഉരുളച്ചോറ് തൊണ്ടയിൽ
കുരുങ്ങി പിടയുകയായിരുന്നവനെന്ന്
അപ്പോളവളറിഞ്ഞില്ല.

“ഞാൻ വരുമൊരു നാൾ കള്ളനെപ്പോലെ”
വാക്കുകൾ കണ്ണീരിൽ കനയ്ക്കുമ്പോൾ
വിപ്ളവം ജയിക്കട്ടെ എന്ന മുഴക്കം
ഭൂമിയുടെ മേലാപ്പ് ചീന്തിയെറിഞ്ഞതും
അപ്പോൾ അവളറിഞ്ഞില്ല.

“സസ്നേഹം വർക്കിച്ചൻ” എന്ന്
കത്ത് മാറോട് ചേർക്കുമ്പോൾ
പാഞ്ഞുപോകുകയായിരുന്നൊരു
വെടിയുണ്ടവന്റെ വാരിയെല്ലിലൂടെയെന്നും
അപ്പോൾ അവളറിഞ്ഞില്ല.

വിലാപ്പുറത്ത് കിനിയും ചോരയാലും
‘എന്റെ ദൈവമേ’ എന്ന ഗാഗുൽ-
ത്തായിൽ നിന്നുള്ള നിലവിളിയാലും
അവളുടെ മനസ്സു കനത്തു പുകഞ്ഞു

വേദപുസ്തകം പകുത്തവൾ വായിച്ചു
“ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു
ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു
ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു
കാവൽമാടം പോലെ ആടുന്നു
അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു.”

ശുഭയാത്ര

പുകയിഴ പടരും ചിമ്മിനിച്ചില്ലു പോലുള്ള
കിളിവാതിലിലൂടവൾ കണ്ടു
ഓടി മറയും ജനാലയ്ക്കരികെ
ചിരിച്ചു ചിരിച്ചൊരു പെൺകോടി.

മഞ്ഞളിച്ചു പോയല്ലോ സൂര്യനാചിരിയൊളിയിൽ പഞ്ചാരി മേളം മുഴക്കിയല്ലോ തിരകൾ മണ്ണിന്മാറിൽ
മുല്ലമാല കോർത്തെല്ലോ കുഞ്ഞോളങ്ങൾ നദിക്കരയിൽ
പൂത്തുമ്പിയായല്ലോ പ്യൂപ്പകളൊക്കെയും
മുത്തുകളായല്ലോ ചിപ്പികളൊക്കെയും
കുടപിടിച്ചു കൂട്ട് പോയല്ലോ ചോലമരങ്ങളും.

ആമോദച്ചിന്തുകളോടി മറഞ്ഞു പിന്നിലേക്ക്
കുരുതിക്കടലായൊഴുകി കുങ്കുമരേണുക്കൾ
വസ്ത്രമുരിഞ്ഞ് കിന്നരികളഴിച്ചു ഭൂമി,
നഗ്നമായി വാനവും.

പൂത്തുമ്പിയില്ല കിളിമൊഴികളില്ല
മരച്ചില്ലയില്ല ആരാമത്തിൽ
തിരകളൊഴിഞ്ഞ് കടലൊരു മരുപ്പറമ്പായി
മറഞ്ഞുപോയി മഴവില്ല്
മറഞ്ഞുപോയീ കിളിവാതിലും.

ഒരു പൂത്തുമ്പി യായവൾ
ചോലമരത്തണുപ്പിലേക്ക്
ആമോദച്ചിന്തുകൾ തേടി.