Sunday, January 24, 2010

ഓം ശാന്തി

വീടിന്‍റെ ചോര്‍ച്ച അടയ്ക്കേണം
തുരുമ്പുകളൊക്കെയും നീക്കിടണം
ആന്‍റി ഫംഗലടിച്ച് പൂപ്പലുകളൊഴിവാക്കീടണം
ചായം തേച്ച് ചുമരുകള്‍ മറച്ചീടണം
ചുറ്റും മതിലു കെട്ടിയുറപ്പാക്കീടണം
വാതിലുകള്‍‍ക്കെല്ലാം പൂട്ട് പിടിപ്പിച്ചീടണം
കുറ്റിയും കൊളുത്തും നില ഭദ്രമാക്കീടണം
വേണമെങ്കിലൊരു നായ്ക്കുട്ടിയെ വളര്‍ത്തീടാം
നേരംപോക്കിന് ഓമനക്കിളികളുമായിടാം
ഏതുരാവിലുമെന്നെ സോദരനു തുല്യം
വിളിക്കാമെന്ന് ഹൃദ്രോഗവിദഗ്ദ്ധന്‍
വിഎസല്ലേ മുഖ്യമന്ത്രി
എംപി ഫണ്ടിലുണ്ടൊരു വൈദ്യുത ശ്മശാനം
ഇനിയെനിക്കു പോകാമിന്ദ്രപുരിക്ക്
ധീരയാകൂ, വിളിച്ചാല്‍ അരദിവസം വിമാനയാത്ര
അവസാനക്രിയകള്‍ ഞാന്‍ വന്നാകാമല്ലോ
ഓം ശാന്തി

ഉപ്പൻ


ജാതകവശാലെന്‍റെ പക്ഷി ഉപ്പനത്രെ
ഉപ്പനെന്നും ഉക്കനെന്നും ചെമ്പോത്തെന്നും
പേരു ചൊല്ലി വിളിക്കുമതിനെ
ചകോരമെന്നു മൊഴിയും പണ്ഡിതർ.
ഉപ്പനെ കിളിയെന്നു പറഞ്ഞിടാമോ
കേട്ടിട്ടില്ല ഒരുവനുമൊരുവളും
ഉപ്പനെ കിളിയെന്നു വിളിച്ച്
കാക്കയെ കിളിയെന്നു വിളിച്ചിടാമോ
ഏയ്, കവിതയിൽ കാടുകയറ്റമില്ല
ഏറിയാലൊരു മരം, അത്രേയുള്ളു.
നടത്തയാണെൻ പക്ഷിക്കു പ്രിയം
പൊന്തയ്ക്കിടയിൽ ഇലകൾ പരതിപ്പരതി
തെങ്ങോലയിൽ തിരഞ്ഞുതിരഞ്ഞ്
ചിലപ്പോളെന്‍റ വഴിക്കു കുറുകെ
കിഴക്കോട്ടും പിന്നെ പടിഞ്ഞാട്ടും
താണു പറന്നിടുമത്
ഉച്ച നേരത്തിന്‍റെ വറുതിയിലേക്ക്
ഒരൊച്ചയുമുണ്ടാക്കാത തനിച്ച്.
കേട്ടില്ല ഞാനൊരിക്കലും ഉപ്പന്‍റെ കൂവൽ
ചെവിക്കു പിറകിൽ കൊതുകു മൂളുമ്പോൾ
കേൾക്കാറുണ്ടു ഞാൻ
* ഉപ്പുപ്പെന്ന കണ്ണീരു കുറുകിയ ഒച്ച

*കാക്കയും ഉപ്പനും കൊതുകും കൂടി ഉപ്പ് വിറ്റ് പണക്കാരാകാൻ തീരുമാനിച്ചു. ഉപ്പു കയറ്റി വന്ന വള്ളം മുങ്ങി ഉപ്പ് കടലിൽ പോയി. അതിനു ശേഷം കാക്ക കടലിൽ കളഞ്ഞ ഉപ്പു തേടി കടലിൽ നിരന്തരം മുങ്ങി. കൊതുക് എന്റെ പണം,പണമെന്ന് ചെവിക്കരിൽ മൂളി നടന്നു. ഉപ്പൻ ഉപ്പൂപ്പെന്ന് കരഞ്ഞും നടന്നുവെന്നു കഥ.

Thursday, January 21, 2010

വഴികൾ

ഏറെയുണ്ട് ഗ്രാമത്തിന് വഴികൾ
ഈറനുടുത്തവയാണ് ചില വഴികൾ
പുലർക്കുളി പോലെയാണാ വഴി നടത്തം
ഉടുപുടവകൾ മാറിമാറി ഉടുക്കും ചിലത്
ഏതു വഴീന്നും ആളെ പിടിക്കുമാവഴികൾ.
വിങ്ങും മൂകതയാണ് ചിലതിന്
പെറുക്കിയെടുത്ത് നടക്കണമാ വഴിയിൽ
നമ്മിലൂടെ നടക്കും ചില വഴികൾ
തൊട്ടു തൊട്ട് കിന്നാരം പറഞ്ഞു പറഞ്ഞ്
തൊടുമ്പോൾ തെന്നി മാറും ചിലതാകാശ വഴിയെ
ഊക്കിനൊരു തള്ളു തള്ളും ചില വഴികൾ
അറിയാവഴിയുടെ അമ്പരപ്പിലേക്ക് ചില വഴികൾ പോക്കുവരത്തിന്‍റേത് *
ചില വഴികൾ നിതാന്ത വിശ്രാന്തിയുടേത്
നടന്നവർ മടങ്ങില്ലൊരു ദുരിതത്തിലേക്കും


*ദേവതകൾ, ഭൂതപ്രേത പിശാചുക്കൾ തുടങ്ങിയവർക്ക് പോയി വരാൻ ഗ്രാമത്തിന് ചില പ്രത്യേക വഴികൾ ഉണ്ട്.

അന്തിവെയിൽ

ഖബറുകളൊക്കെയും തുറക്കപ്പെട്ടു
തിരശ്ശീലകളൊക്കെയും ചീന്തിയെറിയപ്പെട്ടു
മൂന്നാം നാൾ ഉയർത്തവനായി അവൻ പ്രണയിച്ചു.
പ്രണയം ആർത്തിയുടേതാണ്
പാദങ്ങൾ തലോടി മുത്തമിട്ട്
നെഞ്ചേറ്റി ലാളിച്ച്
സാഹസച്ചെപ്പുകളൊന്നൊന്നായി തുറന്ന്
നിന്‍റേതു മാത്രമെന്നുരുവിട്ട്
കാൽനഖം തൊട്ട് മുടിയിഴ വരെ
തൈലത്താൽ അഭിഷേകം ചെയ്ത്
സ്വർണവലകൾ കൊണ്ട് ഊഞ്ഞാൽ തീർത്ത്
സ്വർഗങ്ങളിൽ ഗേഹങ്ങൾ പണിത്
പ്രണയനങ്കൂരമായി അവൻ പ്രണയിച്ചു.
പ്രണയം മാന്ത്രിക ഊഞ്ഞാലാണ്
ആടിക്കൊണ്ടേ ഇരുന്നാൽ
ആകാശങ്ങളിൽ പറന്നേ നടക്കാം.
പ്രണയം ഒരു കോരിക ആണ്
ശൂന്യതയില്‍ നിന്ന് ശൂന്യതയി- ലേക്കത് കോരി നിറയ്ക്കും.
പ്രണയം ഒരു മഴവില്ലാണ്
നീർത്തുള്ളികളുള്ളപ്പോഴു- ണ്ടാകുന്ന പ്രതിഭാസം.
പ്രണയം പഞ്ഞിമേഘത്തി- ലൂടെയുള്ള നടത്തയാണ്
അപ്പുപ്പൻ താടിയായാൽ നൃത്തമാടാം.
പ്രണയം തൊട്ടാവാടി ഇലയിലെ വിസ്മയമാണ്
പുഴുവായി ചരിച്ചാൽ വിടർന്നു വിലസിടാം.

പ്രിയൻ പരമകാരുണികൻ
പ്രണയത്താൽ കണ്ണു നിറയുന്നവൻ
പ്രേമത്താൽ ദാഹം പെരുകുന്നവൻ
അരംവച്ച നാവു ചുഴറ്റുന്നു
തലയിൽ കൊമ്പ് മുളയ്ക്കുന്നു
കയ്യിൽ വാളുകൾ മിന്നുന്നു
കാലുകളഗ്നിത്തൂണുകളാകുന്നു
മാതൃത്വത്തിൻ മഹത്വഗാഥകളായി
തീ തുപ്പുന്നു അവൻ
പാതിവ്രത്യത്തിൻ സ്തുതി ഗീതികളാൽ
കൊടുങ്കാറ്റു വിതയ്ക്കുന്നു അവൻ.
ഖബറുകളൊക്കെയും പൂട്ടപ്പെട്ടു
തിരശ്ശീലകളൊക്കെയും മൂടപ്പെട്ടു
നാലാം നാൾ സ്വർഗാരോഹണത്താൽ ധന്യനായി അവൻ.


Monday, January 18, 2010

പ്രണയത്തെ മോഷ്ടിക്കുന്നതിങ്ങനെ

പെരുകി വരുന്നോരു മഴയിറമ്പത്ത്
നനഞ്ഞ വിരലുകൾ തൊട്ടവൻ പറഞ്ഞു
ഈ വിരലുകളെനിക്ക്
വിരലുകളുപേക്ഷിച്ച കൈകളുമായി
അവൾ കാത്തുകാത്തിരുന്നു.
വസന്തവായുവിലെ രോഗാണുക്കളെക്കുറിച്ച്
തർക്കിച്ചു കലഹിച്ചോരു ദിവസം
അവന്‍റെ ചുണ്ടുകളിലവളുടെ ചുണ്ടുകൾ
പടിയിറങ്ങിപ്പോകുന്നതു കണ്ടവൾ ചിരിച്ചു
പൊള്ളിത്തിമർത്തൊരു വേനൽ രാവിൽ
തിളച്ചു തുളുമ്പുന്ന ഇടതു മുലയിൽ
ചുണ്ടമർത്തിയവൻ പറഞ്ഞു
ഇതിങ്ങ് തന്നേക്കൂ
മുലയഴിഞ്ഞു പോകുന്നത്
അവൾ കണ്ടിരുന്നു
പാലപ്പൂവിന്നെരുവിൽ മൂക്കു വിടർത്തി
അവനൊരു നാൾ
ഒളിക്കാൻ ഗർഭപാത്രം ചോദിച്ചു.
കരഞ്ഞും ചിരിച്ചും ജീവൻ താളം പിടിച്ച
അറ ഉറയൂരിപ്പോകുനനതവൾ കണ്ടു
ഒരിക്കലൊരു കുറിമാനത്തിലവൻ കുറിച്ചു
നീയെനിക്കു സ്വന്തം
ശരീരത്തിടമ്പുകളൊന്നൊന്നായി
അവനൊപ്പം നടന്നകലുന്നതവൾ കണ്ടു
അവൾ കാത്തുകാത്തിരുന്നു.

സ്നേഹപരിഭവങ്ങൾക്കായൊരു
നൊവേന ചൊല്ലിക്കാനവൻ പറഞ്ഞു
നിലവിളികൾക്കായി വേദപുസ്തകം
വായിക്കാനവൻ പറഞ്ഞു
അങ്കലാപ്പുൾക്കായി മൂലധനം
വായിക്കാനവൻ പറഞ്ഞു
ആർത്തനാദങ്ങൾക്ക് വിശപ്പിനായി
വല്ലതും കൊടുക്കാനവൻ പറഞ്ഞു
പേടിപ്പിരാന്തുകൾക്ക് എണ്ണതേച്ചു
കുളിച്ചുറങ്ങാനവൻ പറഞ്ഞു.

പാകത വന്നവൾ

അവനവളോട് പറഞ്ഞു
ഇക്കുറി നിന്നെയെനിക്കേറെ ഇഷ്ടം
എന്തിനെന്ന് കണ്ണുകൂർപ്പിച്ചവളോടവൻ
അന്യരോട് നീ ഗൌരവക്കാരിയായി
നിന്നെയെനിക്കേറെയിഷ്ടമായി
കണ്ണിൽ നക്ഷത്രങ്ങൾ ചിരിക്കാതെയായി
നിന്നെയെനിക്കേറെയിഷ്ടമായി
വാക്കുകളുടെ ആയം കുറഞ്ഞു
നിന്നെയെനിക്കേറെയിഷ്ടമായി
കലഹങ്ങളിൽ നിന്നൊഴിഞ്ഞു
നല്ലൊരിടനിലക്കാരിയായി
നിന്നെയെനിക്കേറെയിഷ്ടമായി
ഉപചാരങ്ങളിൽ നാട്യക്കാരിയായി
നിന്നെയെനിക്കേറെയിഷ്ടമായി
ചെറുനരകളും ചെറുവരകളും
പ്രായം വിളിച്ചു പറഞ്ഞു
നിന്നെയെനിക്കേറെയിഷ്ടമായി
നീ എന്നെപ്പോലെ സംസ്കാര സമ്പന്നയല്ലോ

Sunday, January 17, 2010

പ്രണയരസം


ചെങ്കണ്ണു പിടിച്ചവൻ കടലിൽ
മുങ്ങിക്കുളിക്കുമ്പോലെയാണെനിക്കു പ്രണയം
ചെറുമീനുകൾ ചൊറികൊത്തുമ്പോഴുണ്ടാകുന്ന
സുഖമാണെന്‍റെ പ്രണയത്തിന്
പുളിയൻ മാങ്ങകൾ പല്ലു പുളിപ്പിക്കുമ്പോലെയാണ്
നീയെന്നോടു പ്രണയം പറയുന്നത്
ചോണനുറുമ്പുകൾ അടിയുടുപ്പിൽ പെടുമ്പോലെയാണ്
നിന്നെയെനിക്ക് നീ പകുക്കുന്നത്
എങ്കിലും
ഈ എരിച്ചിലല്ലോ എന്‍റെ
മുറിവുകളെ ഉണർത്തുന്നത്
പൊടിയും നീറ്റലല്ലോ എന്‍റെ
മുറിവായകളെ തുന്നുന്നത്
പല്ലിൻ പുളിപ്പല്ലോ എന്‍റെ
പ്രജ്ഞയെ പൊള്ളിക്കുന്നത്
ഈ പൊറുതികേടല്ലോ എന്‍റെ
മനസ്സിനെ നീറ്റി വെടിപ്പാക്കുന്നത്

എനിക്ക് ഞാനുണ്ട് ; നിനക്കോ?

ഉറുമ്പ്: തനിയെയായിരിക്കുമ്പോൾ ഞാനേകനാണ്
ആന: ആൾക്കൂട്ടത്തിൽ ഞാൻ തനിയെയാണ്
താമര: മഞ്ഞ വെളിച്ചം എന്നെ മത്തു പിടിപ്പിക്കുന്നു
സൂര്യൻ: ആമ്പലുകൾ ഇരുട്ടിൽ വിടരുന്നില്ല.
എണ്ണ തേച്ചവൻ: കാശിയിലേക്കൊരു യാത്ര പോയാലോ?
കരിയില: മണ്ണാങ്കട്ട ചുട്ട ഇഷ്ടികയായി രാമേശ്വരത്ത് പോയി
പഴുത്തില: വേരു ചീയലിന്‍റേതാണെന്നു തോന്നുന്നു
പച്ചില: പെട്രോളുണ്ടാക്കാൻ നല്ലതാണെന്നു രാമർ പറഞ്ഞു
പുര: എനിക്ക് തൂണുകൾ താങ്ങാനാവില്ല
ഉറി: ഉള്ളതു പറഞ്ഞാൽ ചിരിക്കാതെ വയ്യ
കണ്ണട: തീയ്ക്കും തീക്കായ വേണമെന്ന്
കണ്ണ്: കുത്തിപ്പൊട്ടിച്ച കണ്ണിനൊരു കണ്ണട വേണം
ശിഷ്യൻ: മഗ്ദലനമറിയം കേസ് വിചാരണ നാളെയാണ്
യേശു: വിശ്വാസമുണ്ടെങ്കിൽ ഈ മല മാറിപ്പോകും
അയ്യപ്പൻ: കുടിക്കാനിത്തിരി വെള്ളം
വാവര്: കോളിഫോം പരിശോധനയ്ക്കയച്ചിട്ടുണ്ട്
ഏംഗത്സ്: ദാസ് കാപിറ്റലിന്‍റെ കോപ്പികൾ തീർന്നു
മാർക്സ്: കുഞ്ഞുങ്ങൾ വിശന്നു മരിക്കുന്നു.

പുര


വീടെന്നെ കിനാവു കാണുമ്പോൾ
കാലുകൾ കനലുകളിൽ വെന്തടരുകയായിരുന്നു.
വീടെന്നെ കിനാവു കാണുമ്പോൾ
മുടിയിഴകളിൽ കാറ്റ് അഗ്നി വിതയ്ക്കുകയായിരുന്നു.
തറയോടുകൾ പൊള്ളിക്കുടുന്നിരിക്കുന്നതും
ഭിത്തികളിൽ പിണരുകൾ അലമുറയിടുന്നതും
ജനാലകളിൽ ഇടിനാദം പെരുമ്പറയാകുന്നതും
വാതായനങ്ങൾ കൊട്ടിയടയുന്നതുമെൻ
നെഞ്ചകം പിളർത്തിയതാരറിയുവത്.
വെന്തകാലോടുന്നതെൻ മുന്നിലോ പിന്നിലോ?
പിറന്ന വീട് കണ്ണരികത്തെന്നച്ഛൻ
കണ്ണൊന്ന് നീട്ടുമ്പോൾ പിന്നിലൊളിക്കുകയാണാ വീട്
പിറന്ന വീട് ഒരു പാദമുയരത്തിലെന്നമ്മ
ഉയർന്ന കാലൂന്നവതേത് നിലത്തിലേക്ക്
കാലിറമ്പിലേതോ നിലയില്ലാക്കയം
വെന്തകാലോടുന്നതെൻ മുന്നിലോ പിന്നിലോ?
കുത്തിത്തിരുകിയ സഞ്ചിയിലെ-
ടുക്കാത്തതെന്ത് എടുത്തതെന്ത്
കാലു തിരുകിയതാരുടെ ചെരുപ്പിൽ.
വെന്തകാലോടുന്നതെൻ മുന്നിലോ പിന്നിലോ ?
വിളിക്കുന്നതാരെന്നെ പിന്നിൽ
തൊട്ടുപൊള്ളിക്കുന്നതാരെന്നെ ചാരത്ത്
ആരുടെ ശ്വാസമെൻ ചെവിപ്പുറകിൽ.
അതെന്‍റെ പുരയാണ് പുര
അതെന്‍റെ മുതുകിലാണ് മുതുകിൽ
അതെന്‍റെ കൂനിലാണ് കൂനിൽ.
വെന്തകാലോടുന്നതെൻ മുന്നിലോ പിന്നിലോ?

നന്ദി

ഈർച്ചവാളുകൾ കയറി- റങ്ങിക്കൊണ്ടേയിരുന്നു
ചിതറിത്തെറിച്ച മാംസനാരുകൾ
ഒഴുകാൻ വിസമ്മതിക്കുന്ന രക്തത്തളങ്ങൾ.
ആക്രോശങ്ങൾ വാളെടുക്കുന്നു വെട്ടിനുറുക്കുന്നു
പിടഞ്ഞുകുതറാൻ ഓടിയകലാൻ
അരുതേയെന്നപേക്ഷിക്കാൻ...
കർണങ്ങളൊക്കെയും ബധിരങ്ങൾ
കണ്ണുകളിലൊക്കെയും അന്ധകാരം
നാവുകൾ ചുഴറ്റിക്കൊണ്ടേയിരുന്നു
ഞാൻ നിനക്ക് സ്നേഹം തന്നു
നീ എനിക്ക് ഒന്നും തിരിച്ചു തന്നില്ല
ഞാൻ നിനക്ക് ശരീരം തന്നു
നീ എനിക്ക് നിന്നെ പകുത്തില്ല
ഞാൻ നിന്നെ പ്രണയിച്ചു
നീ പുന്നാരങ്ങളൊന്നും പറഞ്ഞില്ല
ഞാൻ നിനക്കുടക്കാൻ തന്നു
നീ എന്‍റെ മുന്നിൽ നഗ്നയായില്ല
ഞാൻ നിന്നെ കാനാൻ ദേശത്തേക്ക് \കൂട്ടിക്കൊണ്ടു പോയി.
നീ എന്‍റെ പാനപാത്രം നിറച്ചില്ല
നിനക്ക് ഞാനന്ത്യം വരേയുമുണ്ടാകുമെന്ന്!
നീ നന്ദിപൂർവ്വം തലകുനിച്ചില്ല

മറകൾ

ചില്ലുജാലകത്തിനപ്പുറം തിളയ്ക്കുന്ന കടൽ
കണ്ണടകളിൽ തിരയിളകുന്ന നിഴൽക്കൂത്ത്
തിരകൾ തിറകൊട്ടുമ്പോൾ
തെയ്യം കെട്ടിയാടുന്നിരുവർ
തൊടാനൊരു നുണുങ്ങ് നൊമ്പരം
കേൾക്കാനൊരു സരോദ്
പിടഞ്ഞുണരുന്ന മിന്നൽ‌പ്പിണരുകൾ
പുതുഗന്ധത്തിൽ കുതറിത്തെറിക്കുന്ന പുൽനാമ്പുകൾ
മഴയിലുതിരുന്ന കണിക്കൊന്നകൾ
പിരിയുന്നിടത്ത് കൂടിച്ചേരുന്ന പ്രവാഹങ്ങൾ
പുറംതിരിയുമ്പോളിടയ്ക്കൊരു വെയിൽക്കീറ്
ഞാനും നീയും
മാനം കണ്ടു പിറക്കാൻ കൊതിച്ച
രണ്ടു മയിൽ‌പ്പീലിത്തുണ്ടുകൾ.

ആസ്പത്രിയിലേക്ക്


അടിത്തറ- മേല്പുര സിദ്ധാന്തങ്ങളിൽ നിന്ന്
ഗ്രാംഷിയിലേക്കും പിന്നെ ലകാനിലേക്കും
ആരോ പിറുപിറുത്തു, കഥയിലേക്ക് വരാത്തതെന്ത്?
നെഞ്ചകത്തുനിന്നുയരുന്നു ഒരു തിര നോവ്
പൊങ്ങിത്താണ് ഒരു നിമിഷം ശാന്തമായി
പത്തുകഥകളും ആകാംക്ഷ നിറഞ്ഞ മുഖങ്ങളും മുന്നിൽ
ശകുന്തളയുടെ കഥയിൽ നിന്ന് രണ്ടും മൂന്നും കഥകളിലേക്ക്. അടിച്ചുയരുന്ന തിരമാല
വീണുടയുന്നു, വീണ്ടുമടുത്തത്
നെറ്റിയിലുതിരുന്ന വിയർപ്പു തുള്ളികൾ
കഥ നാല്, ജ്യോതിർമയിയുടേത്.
ഈ പുതു കഥകൾക്കെന്തൊരു പെണ്മ
കണ്ണിലിരുട്ട്... തിരകൾ... തിരകൾ....
ഏഴാം കഥയിലേക്ക്...
പത്ത് ഇനിയുമകലെ.
കുഴഞ്ഞിരിക്കുമ്പോൾ എംഎൻ വിജയന്‍റെ
മരണത്തെ അനുസ്മരിച്ചൂ നിരൂപകൻ.
‍വെള്ള, മഞ്ഞ, കറുപ്പ്
വേദനയുടെ പുതുലഹരികൾ.
ഇരുളിൽ ഇലകൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു.
അകലെ അമ്മേ എന്ന പിൻവിളി
നാവിലേക്കിറ്റുന്ന അമൃതബിന്ദു.

ലക്ഷ്മണരേഖ

വട്ടത്തിലാണെൻ പൊക്കം
വട്ടത്തിലാണെൻ വീതി
വട്ടത്തിലാണെൻ ചത്വരവും
നടന്നു നോക്കി, ഓടി നോക്കി
ചാടിക്കടന്നു നോക്കി
വട്ടം വൃത്തമായി നീണ്ടു നിവർന്നങ്ങനെ
സീതയും മറിയവും കദീജയും
മുന്നിലും പിറകിലുമല്ലാതെ വൃത്തത്തിലായി
മൂലകളില്ലാ വൃത്തം വലയങ്ങളായി വലുതായി
ചതുരത്തിന് മൂലകളുണ്ട് ത്രികോണത്തിനും
മൂലകളിൽ ഗുരുത്വാകർഷണം കുറവെന്ന് ശാസ്ത്രം
ഭേദിക്കാം മൂലകളെ പതുങ്ങിയിരിക്കാം മൂലകളിൽ
‍പക്ഷേ ശാസ്ത്രം പഠിച്ച ലക്ഷ്മണൻ
‍വരഞ്ഞത് ലക്ഷണമൊത്ത വൃത്തം.

എന്‍റെ ഭാഷ


കുനുകുനെ പിറുപിറുപ്പായി
മഴപോലൊരു കാറ്റു പോലെ
പ്രവാഹം പോലൊരു കടലു പോലെ
ഇടിനാദം പോലൊരു സ്വർഗദൂത് പോലെ
ഒരു ഭാഷ.
ചെവി വട്ടം പിടിച്ചു മനസ്സിലുരുട്ടി നോക്കി
ഭാഷാശാസ്ത്രവിചാരം ചെയ്തു
നാനാ ഭാഷാവിശാരദരോടു ചർച്ച ചെയ്തു
അറിയുന്നില്ലീ മൊഴിവഴക്കമേതെന്ന്.
പഞ്ഞിത്തലപ്പുപോലുള്ള മുടിക്കെട്ട്
ചിരിയും കരച്ചിലും ചാലു കീറിയ വദനം
ആഴങ്ങൾ പരതുന്ന മുത്തുപോലുള്ള നയനങ്ങൾ
ഭംഗിയാർന്ന വിലാസനിഴലുകൾ വെട്ടം തൂർത്തുന്ന ഉടൽ
കാലപ്പടവുകളിൽ നടന്ന് മിനുസമാർന്ന പാദങ്ങൾ .
ആരു നീ മുത്തശ്ശീ,
വഴിയോരത്തൊരു പ്രവാചകനാദം പോലെ.
ഉമിത്തീ നീറ്റലായി നെഞ്ചകം പിളർന്നോരു നോവായി
ഉള്ളിലാ നാദം വ്യാകരണങ്ങളേതും കീഴ്മേൽ മറിച്ചു.
അറിയുമോ അറിയുമോ ഈ മുത്തിയമ്മയെ
അറിയുമോ അറിയുമോ അഗ്നിസ്ഫുലിംഗം പോലുള്ളീ മൊഴിയെ.
ഓർമ്മക്കിണ്ണങ്ങൾ തട്ടി മറിഞ്ഞ്
മറവി മേഘങ്ങൾ തൂത്തുമാറ്റി.
ഇതാണെന്‍റെ ഭാഷ
മാലോകർ മറന്നുപോയൊരു ഭാഷ
കുഞ്ഞിനുരുളയൂട്ടുന്ന ഭാഷ
നെഞ്ചു നീറിപ്പുകയുന്ന ഭാഷ
ഫണം വിടർത്തിയാടുന്ന ഭാഷ
ഈറ്റുനോവാൽ പിടയുന്ന ഭാഷ
അപമാനിതയായ പെണ്ണകത്തിന്‍റെ ഭാഷ
ഉടലിനെ പൊതിഞ്ഞുപിടിക്കുന്ന ഭാഷ
പൂവ് തല തല്ലിച്ചിരിക്കുന്ന ഭാഷ
പുല്ലിന്‍റെ നനവൂറുന്ന ഭാഷ
കുഞ്ഞോളങ്ങൾ ഇക്കിളിയാക്കുന്ന ഭാഷ
മുങ്ങാംകുഴിയിടുമ്പോൾ ശ്വാസം പിടിക്കുന്ന ഭാഷ
പുതുമഴലഹരിയിൽ മദിക്കുന്ന മണ്ണിന്‍റെ ഭാഷ
ഇതാണെന്‍റെ ഭാഷ
സ്ത്രീചിത്തമോരുന്നോരു ഭാഷ.

അവൾ കഴുകുകയാണ്


കുഞ്ഞുമകൾ കഴുകുകയായിരുന്നു
കഴുകിക്കൊണ്ടേയിരിക്കുകയായിരുന്നു
കല്ലുകൊണ്ടുരസിയുരസി
ചകിരി കൊണ്ട് തേച്ച് തേച്ച്...
താലോലമാട്ടിയ കൈകൾ?
മുത്തം തന്നുറക്കിയ ചുണ്ടുകൾ?
കൺകോണിൽ ചിതറിപ്പോയ - മിന്നാമിനുങ്ങുകൾ
തോരണമായി പിഞ്ഞിപ്പോയ വീട്
നനഞ്ഞ പൂത്തിരിയായി കെട്ട കിനാക്കൾ
ഇരുട്ടിലേക്ക് ചാഞ്ഞിറങ്ങുന്ന നിറക്കൂട്ടുകൾ
ശവമായി ചീഞ്ഞു നാറുന്ന വാത്സല്യം
ദുർഗന്ധം വലിച്ചു കുടിക്കുന്ന രോമകൂപങ്ങൾ
തൊലിക്കൊരു തൊലിയായി പാട കെട്ടിയ ചെളി.
വിയർത്ത് വിയർത്ത്
മൂക്ക് ചീറ്റി ചീറ്റി
ചെവി തോണ്ടി തോണ്ടി
കണ്ണിലെ കരടെടുത്തെടുത്ത്
ഉമിനീരു വിഴുങ്ങി വിഴുങ്ങി
മുറിവായകളിൽ രക്തമൊഴുക്കിയൊഴുക്കി
കഴുകുകയായിരുന്നു കുഞ്ഞു മകൾ
ഉരച്ച് ഉരച്ച്...

അവസാനം

എല്ലാത്തിനും അവസാനമുണ്ട്
പുഴകൾക്ക് ഒഴുക്കില്ലാതായേക്കാം
ഇലകൾക്ക് മർമ്മരം നഷ്ടമായേക്കാം
ആകാശത്തിന് നീലിമ നിലച്ചു പോയേക്കാം
കാറ്റിന് ചലനമില്ലാതായേക്കാം
എല്ലാത്തിനും അവസാനമുണ്ട്
വഴികൾക്ക് അറ്റമില്ലാതായേക്കാം
കടലിന്‍റെ ഉപ്പ് വറ്റിപ്പോയേക്കാം
ചിപ്പിയിൽ മുത്തുണ്ടാകാതെയിരുന്നേക്കാം
മഞ്ഞിന് തണുപ്പില്ലാതായേക്കാം
എല്ലാത്തിനും അവസാനമുണ്ട്
എന്‍റെ ഒടുങ്ങാത്ത വേലലാതികൾക്കൊഴിച്ച്.

സുപ്രഭാതം


നീൾമിഴികളിൽ സ്വപ്നം വരയ്ക്കാനോ കണ്മഷി?
കണ്ണിലെ ഉറക്കച്ചവർപ്പ് മായ്ക്കാനാണ്.
ചന്ദ്രക്കല നെറ്റിയിൽ തിലകക്കുറിയാകാനോ സിന്ദൂരം?
നെറ്റിയിൽ രാവു വരച്ച ചുളിവുകൾ മറയ്ക്കാനാണ്.
കവിൾത്തടത്തിൽ അരുണിമയാകാനോ കുറിക്കൂട്ട്?
കവിളിൽ പുകയുന്ന തിണർപ്പ് മൂടി വയ്ക്കാനാണ്.

ജീവിതം, മരണവും


ഇരുമ്പ് ഇരുമ്പിനോട് സ്വകാര്യം പറയുന്ന കാർക്കശ്യം
നിർത്താതെ നിലയ്ക്കാതെ പാളം തെറ്റാത്ത ഓട്ടം
വിറച്ച് വിറങ്ങലിച്ച് ഞാൻ നടന്നു കൊണ്ടേയിരുന്നു
അട്ടിയിട്ട ചരക്കുകൾ
ആളിറങ്ങാനോ കയറാനോ ഇല്ല
താവളങ്ങളില്ല
പച്ച വെളിച്ചമോ ചുവന്ന വെളിച്ചമോ ഇല്ല.
വണ്ടിയിലിരുട്ടത്ത് ഞാൻ തനിച്ച്
വിണ്ടലം പൊള്ളിക്കുന്ന ചൂളം വിളി
ശ്വാസനാളത്തെ എരിയിക്കുന്ന നീറ്റൽ
വിരൽ നഖം കരളുന്ന എലികൾ
മുടിയിൽ തൊട്ടുപറക്കുന്ന വാവലുകൾ
സ്പർശിക്കുന്നത് ചുട്ടുപഴുത്ത ലോഹം
ഊർന്നു പോകുന്ന ചെറുവിരൽത്തുമ്പ്
അകന്നു പോകുന്ന സാന്ത്വനം
കാതിലലസിപ്പോകുന്ന ശബ്ദം
നീന്തിക്കയറിയ കണ്ണീർപ്പാടം -
പിന്നിലെവിടെയോ മരുഭൂമിയായി.
ഒരു മരത്തണൽ നീളവും
ഒരു മരീചിക നിഴലും കണ്ണിലില്ല
കറുത്ത വണ്ടി കറുപ്പിലേക്ക് കുതിക്കുന്നു
അലറിപ്പാഞ്ഞ് കൂകിവിളിച്ച്
വണ്ടി ഓടിക്കൊണ്ടേയിരുന്നു.

ഒരു താരകവും വിറച്ചില്ല
ഒരു കൊള്ളിമീനും കാൽതെറ്റിപ്പതിച്ചതുമില്ല.

സ്നേഹത്തിന് എത്ര നിറമുണ്ട്?മുപ്പത്താറ് കവിതകൾ


പൊഴിഞ്ഞു വീണോരരയാലിലയും
പെയ്തുപോയോരരുമക്കിനാവും

പൊടിഞ്ഞുവീണോരു വര്‍ണ്ണച്ചിറകുംഉടഞ്ഞുപോയോരു കുപ്പിവളയുംഊര്‍ന്നുപോയോരു കുന്നിക്കുരുവും
പെറുക്കിയെടുക്കട്ടെ ഞാൻ (1990)

സ്വപ്നം
ഹൃദയത്തിന്‍റെ ചൂടിൽ സ്വപ്നത്തിന്‍റെ വിത്തുമായി
നിദ്രയെ സുഭഗമാക്കാൻ
പ്രിയ സ്വപ്നങ്ങളെ വരിക.


വാതിലുകൾ
ആരാണീ വാതിലുകൾ തുറന്നത്
പുറത്തു നിന്നോ അകത്തു നിന്നോ
മുറിയുടെ ഇരുട്ടിലേക്കോ?
മുറ്റത്തെ വെളിച്ചത്തിലേക്കോ?

മണൽച്ചിറ

അടുത്തടുത്തു വരുന്ന പാദപതനങ്ങൾ
ഇത് വെറും മണൽച്ചിറ
തരികളൊന്നൊന്നായി ഊർന്നു പോകുന്നു
തിരഞ്ഞാലൊരു മുത്തുപോലും കിട്ടില്ലല്ലോ.

ചക്കരയുമ്മകൾ

ഈ വാള്‍ത്തലപ്പിൽ മധുരം കിനിയുന്നു
ചക്കരയുമ്മകൾ മുൾമുനകളാകുന്നു.

തിരച്ചിൽ

എവിടെ ഞാനെന്നെ തിരയേണ്ടു
ആ പകുതിയിലോ ഈ പകുതിയിലോ?

വപ്പറമ്പ്
ശവക്കുഴിയിൽ വീണുപോയ നക്ഷത്രങ്ങൾ
വർണങ്ങൾ കളവുപോയ പൂങ്കുലകൾ
കറുത്ത നാദങ്ങളുമായി കിളിക്കൂട്ടങ്ങൾ
പഴങ്ങളിൽ തൂങ്ങിയാടുന്ന വാവലുകൾ
നിലവിളികളുടെ നാറ്റം ചൂഴ്ന്നു നില്ക്കുന്ന ശവപ്പറമ്പ്.


എന്റെ ആകാശം
കൂടുകൾ പണിതുപണിതെൻ
വിരലുകൾ തേഞ്ഞിരിക്കുന്നു
പണിയാൻ മറന്ന വാതായനങ്ങൾ തേടി
ഒരൊറ്റ കുഞ്ഞിക്കിളി പോലും
എന്‍റെ ആകാശത്തു വന്നതുമില്ല.

ശ്വാസം മുട്ടി മരിക്കുന്നു
ഭീമാകാരങ്ങളായ കുഞ്ഞനെറുമ്പുകളെ
നിങ്ങളെന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്
ഈ കയത്തിന്‍റെ സുഖശീതളനീലിമയിൽ
ഞാൻ ശ്വാസം മുട്ടി മരിക്കുന്നു .

ചിത്രങ്ങൾ
ഇന്നലെ ഞാൻ വരഞ്ഞ നീലവർണചിത്രങ്ങളത്രയും
ഇന്ന് ഊതവർണത്തിലായിരിക്കുന്നല്ലോ.
ഞാനെയ്ത അമ്പുകൾ

പെയ്തിറങ്ങാത്ത മിന്നൽ‌പ്പിണരുകൾ
ഉറഞ്ഞു തുള്ളുന്ന ഇടിനാദങ്ങൾ
ആർത്തിരമ്പുന്ന അലയാഴി
ചെവികൾ പൊത്തുക വയ്യല്ലോ
കണ്ണുകൾ ചിമ്മാൻ വയ്യല്ലോ
കണ്ണീരൊപ്പാൻ വയ്യല്ലോ
ഞാനെയ്ത അമ്പുകൾ എനിക്കു പണിത ശരശയ്യ.


ഭയം
ഈ മരത്തിന്‍റെ നിശ്ശബ്ദത
ഈ രാവിന്‍റ ഏകാന്തത
ഈ ആകാശത്തിന്‍റെ മൌനം
നിന്‍റെ മുഖത്തെ നിർവ്വികാരത
എന്നെ ഭയപ്പെടുത്തുന്നു.


നിലാവും സൂര്യനും
അടച്ചിട്ട ജനാലയ്ക്കപ്പുറം
നിലാവായി നിന്നൊരുനാളൊരുവൻ
തുറന്നിട്ട വാതായനത്തിൽ
സൂര്യനായി കത്തിപ്പടരുന്നില്ലൊരുവൻ .

കണ്ണുകൾ പൂട്ടട്ടെ ഞാൻ
നീലയുടെ സംഗീതവും
നിലാവിന്‍റെ പരിമളവും
എനിക്കു ചുറ്റും;
മൂർദ്ധാവിൽ വീണുടയുന്ന
മിഴിനീരമൃതുകൾ
ചുണ്ടിൽ മധുരിക്കുന്ന
ഉപ്പു നീരുറവകൾ
വിരലിലൊട്ടുന്ന
ചുവപ്പിന്‍റെ മാർദ്ദവം
ചില്ലു മറകളിൽ
കുത്തിത്തറയ്ക്കുന്ന
പ്രകാശകിരണങ്ങൾ
കണ്ണുകൾ പൂട്ടട്ടെ ഞാൻ.


കരിമ്പൂച്ച
ഇന്നുമാ കരിമ്പൂച്ച വന്നു
ശബ്ദങ്ങളെ ഉറക്കിക്കിടത്തിയവൻ വന്നു
ഈറൻ നിശ്വാസത്തിൽ നനഞ്ഞോരീ-
യുമ്മറപ്പടിയിലിരുന്നവൻ പുഞ്ചിരിച്ചു
ചുവപ്പിൽ വരഞ്ഞോരാച്ചിത്ര-
പടത്തൂണുകളുടെ മറവിലൂടവൻ കയറി വന്നു
പരിഹസിക്കുന്ന കണ്ണുകൾ
എന്‍റെ നേരെ അലറി വിളിച്ചു
വിറയ്ക്കുന്ന മീശരോമങ്ങൾ
എന്‍റെ കൈകാലുകളെ വരിഞ്ഞുമുറുക്കി
വിരല്‍ത്തുമ്പുകളിലിറ്റുന്ന ചോരത്തുള്ളികളും
പാദങ്ങളെ നനയ്ക്കുന്ന അമൃതിന്നുറവയും.

നമുക്കിറങ്ങാം
നോക്കൂ, കടൽ വല്ലാതെ ക്ഷോഭിച്ചിരിക്കുന്നു
നിന്‍റെ കാലടിപ്പാടുകളിൽ എങ്ങനെയാണ്
എന്‍റെ പാദങ്ങൾ ചേർത്തു വയ്ക്കുക
ശവങ്ങൾക്കു മീതെ നടന്നു നീങ്ങാനെനിക്കാവില്ല
നീ വരൂ, ഈ അഗാധ നീലിമയുടെ പടവുകൾ
ഒന്നൊന്നായി നമുക്കിറങ്ങാം.

ഇക്കിളി
ഏത് മച്ചറയുടെ ഇരുട്ടിൽ ഞാനൊളിക്കും
ഏത് മന്ത്രസ്വരമെനിക്കാശ്വാസമോതും
ഏത് തണുപ്പിൽ ഞാൻ മുഖമമർത്തും
ഞരമ്പുകളിൽ ത്രസിക്കുന്ന വേദന
ശ്വസിക്കാനാകാത്ത സൌരഭ്യം
വീശിയടിക്കുന്ന വേഗതയിൽ
മണൽത്തരികൾ ഊർന്നു പോകുന്ന ഇക്കിളി.

ശവംതീനി ഉറുമ്പുകൾ
എന്‍റെ നക്ഷത്രങ്ങൾ
നിന്നിൽ പൊലി ഞാൻ കാണുന്നു.
എന്‍റെ കുങ്കുമരേണുക്കൾ
നിന്‍റെ കണ്ണു ഇടറിവീഴുന്നതും ഞാനറിയുന്നു
എന്‍റെ മഞ്ഞച്ച പകലുകളിലേക്ക്
പാറിവീണ ചാരത്തുമ്പികൾക്ക്
കിനാക്കളുടെ കനലുകൾ നഷ്ടമായിരിക്കുന്നു
പെയ്തിറങ്ങുന്ന മഴവില്ലുകൾ
ഇടിവാളുകളായി മിന്നുന്നു
നീലാകാശം നിറയെ ശവംതീനി ഉറുമ്പുകൾ.

ഞാനെങ്ങോട്ടാണ് ?
ശവംനാറിപ്പൂന്തോപ്പിലൂടെ
കാക്കകൾ ചേക്കേറുന്ന
ഈ ഗോപുരവാതിലിലൂടെ
ഞാനെങ്ങോട്ടാണ് പോകുന്നത്?


മടക്കിത്തരിക
ഞാൻ ചിതറി വീണത് നിന്‍റെ ആഴങ്ങളിൽ
എന്നിലൊഴുകി നിറഞ്ഞത് നിന്നിലെ സ്നേഹം
ഈ ചില്ലുജാലകങ്ങളിൽ
എന്‍റെ വിരൽത്തുമ്പുകൾ മരവിപ്പാകുന്നു
നിന്‍റെ മിഴികളിൽ നനഞ്ഞലിയുന്ന
എന്നെ നീ മടക്കിത്തരിക.


ശൂന്യത
ഇടിഞ്ഞ ചുമരുകൾക്കിടയിലെ നിശ്ചലത
കടപുഴകിയ മരത്തിന്‍റെ വിമൂകത
പൊലിഞ്ഞു വീഴുന്ന താരത്തിന്‍റെ ദൈന്യത
പൊരുളുകളുടെ ശൂന്യമായ അറകൾ
നിശ്ശബ്ദ ഗർത്തങ്ങളുടെ ആഴങ്ങൾ
കരിമ്പാറക്കുന്നുകളുടെ നീളുന്ന നിഴലുകൾ
എന്നെ ഗ്രസിക്കുന്ന ശൂന്യത.

ബോധചർമ്മങ്ങൾ

കാലത്തിന്‍റെ ഇരുണ്ട താഴ്വരകളിൽ
എന്‍റെ ബോധചർമ്മങ്ങൾ
ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നു.

സൌരഭ്യം

ഇരുളിന്‍റെ കയം
ശബ്ദങ്ങളുടെ ഉറക്കറ
സ്പന്ദനങ്ങളുടെ സെമിത്തേരി
ശവംനാറിപ്പൂക്കളുടെ സൌരഭ്യം.

നാമെന്നൊരേകവചനം

പെരുവഴിയിൽ ഏതേതോ സന്ധികളിൽ എല്‍ല്ലാവരും...
നിഴലറ്റ വഴിയും ഊതനിറത്തിലുള്ള ആകാശവും പിന്നെയും
പ്രിയജനങ്ങളെ പൊറുക്കുക
ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ
വളവും തിരിവുമില്ലാതെ
പുൽക്കൊ ടിയും താരങ്ങളുമില്ലാതെ
ജന്മത്തിന്‍റെ അഭിശപ്തതയും പേറി
ഞാൻ, നീ സ്വാർത്ഥ മോഹങ്ങൾ
ഞാനോ നീയോ ഇനിയൊരാൾ?
നാമെന്നൊരേകവചനം
അവസാനമില്ലാത്ത ഗർത്തം.

സ്നേഹം

സന്ധ്യ ഇന്ന് സ്നേഹമാണ്
ആകാശത്ത് വർണകേളി
സ്നേഹത്തിന് എത്ര നിറമുണ്ട്?
സ്നേഹത്തിന്‍റെ ചില്ലകളിൽ നിറയെ പൂക്കൾ
സ്നേഹം മന്ത്രിക്കുന്ന വർണശലഭങ്ങൾ
സ്നേഹവുമായി മിന്നാമിനുങ്ങുകൾ
എന്‍റെ വാതായനവും ജനാലകളും
പ്രകാശത്താൽ നിറഞ്ഞിരിക്കുന്നു.

രാവ്

ഈ രാവിന് എന്‍റെ ഇന്ദ്രിയങ്ങൾ
ഈ രാവിന് പുതുമണ്ണിൻ നിറം
ഈ രാവിന് കാഞ്ഞിരപ്പൂവിൻ മണം
ഈ രാവിന് കടലിൻ ശബ്ദം.

എന്താണ് നീ എന്നോട് മന്ത്രിക്കുന്നത്?
ജീവിതത്തിന്‍റെ ഉണ്മയോ?
സാന്ത്വനത്തിന്‍റെ പുതപ്പുമായി നിദ്ര.
ചില്ലുകൂടുകൾ

രക്തം പുരണ്ട ഈ വർണത്തൂവലുകൾ
നമുക്ക് കഴുകിയുണക്കാം
അവ ചില്ലുകൂടുകൾക്കൊരലങ്കാരമാകും.

കോണി

ഏതോ ആമ്പൽ പൊയ്കയിൽ
ചത്തുമലച്ച മനസ്സുമായി
ഞാൻ കയറിക്കൊണ്ടിരുന്നു
ഒരുകീറാകാശം പോലുമില്ലാത്ത തടവറയും
മുട്ടിനിടയിൽ തിരുകിയ ശിരസ്സുമായി
ഞാനിറങ്ങിക്കൊണ്ടിരുന്നു
ശ്മശാനപുഷ്പങ്ങളുടെ മണവുമായി
ഞാൻ കയറിക്കൊണ്ടിരുന്നു
ചാരത്തിൽ പൊതിഞ്ഞ കാലുകളുമായി
ഞാൻ ഇറങ്ങിക്കൊണ്ടിരുന്നു
വാതിലുകളൊന്നും തുറന്നില്ല
ജനാലകളൊന്നും പ്രകാശിച്ചില്ല
വളഞ്ഞു തിരിഞ്ഞ കോണി
കയറിക്കൊണ്ടിരുന്നു
വളഞ്ഞു തിരിഞ്ഞ കോണി
ഇറങ്ങിക്കൊണ്ടിരുന്നു.

തിരിഞ്ഞു നടക്കുക

ഈ തെളിനീരിലേക്കുറ്റു നോക്കുക
എന്‍റെ കുനിഞ്ഞ മുഖം നിനക്കു കാണാം
കുറച്ചുകൂടി അടുത്തേക്ക്
കുഴിഞ്ഞ കണ്ണുകളും വിണ്ടുകീറിയ ചുണ്ടുകളും
അല്പം കൂടി നീങ്ങി നില്ക്കുക
കാണുന്നില്ലേ, ചോരയിറ്റുന്നൊരു കുരിശും മുൾമുടിയും
കുറച്ചുകൂടി....
ഇല്ല വീഴില്ല
ദാ ആ മരത്തിൽ പിടിച്ചുകൊള്ളു
കലങ്ങിമറിയുന്നൊരു കടൽ
നിറയെ കബന്ധങ്ങൾ
എന്തേ കണ്ണുകൾ ചുവക്കുന്നത്?
ഒരൊറ്റ നോക്കു കൂടി
തവിട്ടു പൂക്കൾ നിറഞ്ഞൊരു താഴ്വര
മതി ഇനി തിരിഞ്ഞു നടന്നു കൊള്ളുക.


വിറക്കുന്ന നക്ഷത്രം
കള്ളനെപ്പോലെ അവൻ വന്നു.
താക്കോൽ പഴുതിലൂടെയാണവൻ കടന്നു വന്നത്
അവന്‍റെ രൂപം മിന്നലിനൊത്തതും
പുടവ ഹിമം പോലെ വെളുതതതുമായിരുന്നു
എന്‍റെ മുറിവുകളിൽ ഉപ്പു നിറഞ്ഞു
നീറി വിടർന്ന വസന്തത്തിൽ
കാലം നിശ്ചലമായി
പടിഞ്ഞാട്ട് ചാഞ്ഞ സൂര്യൻ
തിരിഞ്ഞു നിന്നു
പൂപ്പാത്രത്തിലെ വരണ്ട ചില്ലയിൽ
വണ്ടുകൾ മൂളിപ്പറന്നു
ജനാലകളിൽ നിലാവ് പരന്നൊഴുകി
മിന്നൽ‌പ്പിണരുകൾ വിടരുന്ന നീട്ടിയ വിരലുകൾ

ഞാൻ അമ്മയായിരുന്നു
കന്യകയും
ഞാൻ വിവാഹിതയായിരുന്നു
അവിവാഹിതയും

പൊടുന്നനെ ഭൂമി കുലുങ്ങി
സൂര്യൻ ഇരുണ്ടു
ഇടിവാളുകൾ ചീറിപ്പാഞ്ഞു
തിരശ്ശീലകൾ മേൽതൊട്ട് അടിവരെ ചീന്തപ്പെട്ടു

വരണ്ട ചില്ല ബാക്കിയായി
ആകാശത്തിൽ വിറയ്ക്കുന്ന ചിത്തിര നക്ഷത്രവും.

കടലുറങ്ങുകയാണ്

ഉടഞ്ഞ ശംഖ് കടലിലെറിയുക
അതിന്‍റെ തുടിയ്ക്കുന്ന ഹൃദയം കാണാതിരിക്കാം
പുളിച്ച് തഉളുമ്പുന്ന മാവ് ദൂരത്ത് കളയുക
അതിലെ സ്വർഗത്തിന്‍ സ്വപ്നം മറന്ന് കളയാം
കരിഞ്ഞുണങ്ങിയ പിച്ചകമൊട്ടുകളെറിഞ്ഞ് കളയുക
അവയിലുറങ്ങുന്ന കിനാക്കളെ ഉണർത്താതിരിക്കാം
മുളച്ചു വരുന്ന കടുമണി പിഴുതെടുക്കുക
വേരുകളിറ്റുന്ന കണ്ണീരുപ്പുകളെ കണ്ടില്ലെന്ന് നടിക്കാം.

കടലുറങ്ങുകയാണ്
ഉറക്കഗുളികകൾ വിഴുങ്ങി
കടലുറങ്ങുകയാണ്.

നാണം കെട്ട നിലാവ്
അക്ഷരസ്വപ്നങ്ങള്‍ക്കുമേൽ
ഒരു ഭ്രാന്തനാന ഓടിക്കയറി
ആനച്ചെവി തിരമാലകളായെന്നെ പൊതിഞ്ഞു

പൊടി പുരണ്ട കിനാവിൽ
ഉറങ്ങിക്കിടന്ന കുഞ്ഞുമോനുമേൽ
മരക്കൊമ്പുകളൊടിഞ്ഞു വീണു
പേടിച്ചരണ്ട ഒരു രാവിൽ
എന്‍റെ സ്ഫടികപ്പാത്രത്തിൽ
ഒരു കൂറ്റനാമ പുഞ്ചിരിച്ചു
നാണംകെട്ടൊരു നിലാവിൽ
വസ്ത്രങ്ങളെത്ര മാറിയുടുത്തിട്ടും
നഗ്നത മറയ്ക്കാനെനിക്കായില്ല.

പഥികൻ

ഉച്ച സൂര്യന്‍റെ കൊടും ചൂടിൽ
ഒരു കീറുമേഘം പോലെ
അവൾ ഒതുക്കുകളിറങ്ങി
വീടറിഞ്ഞില്ല
ഗ്രാമമുണര്‍ന്നില്ല.

പൊട്ടിപ്പൊളിഞ്ഞ അമ്പലം
ആല്‍മരത്തിൽ കാക്കകളുടെ കലപില
മാറാലകളിൽ തൂങ്ങിയാടുന്ന ചിലന്തികൾ
ഉറയൂരുന്ന ശീല്‍ക്കാരങ്ങൾ

ഉത്സവത്തിന്‍റെ സ്വപ്നവും പേറി അവളിരുന്നു.

പഥികൻ പറഞ്ഞു
കാലിലെ തഴമ്പുകളുടെ കഥ
കൈയിലെ തിണർപ്പുകളുടെ കഥ
നക്ഷത്രതിളക്കത്തിന്‍റെ കഥ.

പുടവത്തുമ്പിൽ-
ഉമിനീര് വീഴ്ത്തിയ
കറകളുമായവൾ ഉണർന്നു.

തൊട്ടാവാടി മുള്ളുകൾ

പാൽ തിളച്ച് തൂകി എന്‍റെ
പ്രഭാതങ്ങൾ കെട്ടു പോകുന്നു
ചിത്രങ്ങള്‍ തൂക്കുമ്പോഴെല്ലാം
നഖത്തിൽ ചുറ്റിക ആഞ്ഞു പതിയുന്നു
അടയ്ക്കാനായുമ്പോഴെല്ലാം
വാതിലിനിടയിൽ വിരലുകൾ ചതഞ്ഞരയുന്നു
പുൽനാമ്പുകളുടെ നിശ്വാസങ്ങളെ പുണരുമ്പോഴെല്ലാം
കാൽവെള്ളകളിൽ തൊട്ടാവാടിമുള്ളുകൾ ആർത്തുചിരിക്കുകയായിരുന്നു.

എനിക്കിനി ഉറങ്ങാം

ഇന്ന് തിളയ്ക്കുന്ന സാമ്പാറിൽ അരിഞ്ഞിട്ടത്
മകന്‍റെ കൊച്ചുകിനാക്കളായിരുന്നു
ചീനച്ചട്ടിയിൽ വറുത്തുകോരിയത്
അമ്മയുടെ സ്നേഹമായിരുന്നു
ഉപ്പു പുരട്ടിയുണക്കാൻ വച്ചത്
സുഹൃതതയച്ചു തന്ന അലിവുകളായിരുന്നു.

നിസ്സംഗതയുടെ ശാന്തതയിൽ വീട് കറുപ്പ് പുതയ്ക്കുന്നു
മോഹങ്ങളുടെ ഉണർവ്വിനുമേൽ
പുതപ്പു വലിച്ചിട്ട് എനിക്കിനി ഉറങ്ങാം.

അഭയം
ഈ പൊയ്ക്കാലുകളിൽ നിന്നെനിക്ക് രക്ഷ നേടണം
സ്വർഗ വും നരകവും എന്നെ പീഡിപ്പിക്കുന്നു
കാൽക്കീഴിൽ മണ്ണ് ചുട്ടു പൊള്ളുന്നു
ശബ്ദങ്ങളുടെ സമുദ്രം എനിക്കു ചുറ്റും
എവിടെയാണഭയം?
എന്തിൽനിന്നാണഭയം?

അവൾ അറിഞ്ഞു
നക്ഷത്രങ്ങൾ കൊരുത്ത വെള്ളി നൂലുകളിൽ
ഇറങ്ങി വന്ന മഴ അവൾക്ക് മേൽ
അരുമയോടെ പെയ്തുകൊണ്ടിരുന്നു
മൂര്‍ദ്ധാവിൽ സാന്ത്വനമായി
നാഡീബന്ധങ്ങളിലലിവായി
ചുണ്ടുകളിൽ ചുംബനമായി
കാതുകളിൽ പ്രിയ മന്ത്രണമായി
സ്നേഹനാമ്പുകളായി മഴ
അവളെ വരിഞ്ഞുമുറുക്കി
അവൾക്കു ചുറ്റും മഴ തിമർത്തു
അവൾക്കു ചുറ്റും മഴ ചാലുകൾ കീറി
കൈകളിൽ മേഘങ്ങൾ കൂട്ടിയുരസി
പാദങ്ങളിൽ ഇടി മുഴങ്ങി
മുടിയിഴകളിൽ മിന്നലുകൾ പിണഞ്ഞു
കരിയിലകൾ തനിക്കുമേലടിയുന്നത്
അവളറിഞ്ഞു
ഉറുമ്പിൻ കൂട്ടങ്ങൾ തനിക്കുമേൽ ചേക്കേറുന്നത്
അവളറിഞ്ഞു
കുട്ടന്‍റെ കടലാസ് വഞ്ചികൾ
പിഞ്ഞിപ്പോകുന്നതവൾ കണ്ടു
തോഴൻ പണിത കൊട്ടാരങ്ങൾ
നനഞ്ഞലിയുന്നതവൾ കണ്ടു
വേലിക്കെട്ടുകൾ കടന്ന് അവൾ
ഒഴുകാൻ തുടങ്ങിയിരുന്നു
എങ്ങോട്ടെന്നില്ലാതെ
ഒഴുകാൻ തുടങ്ങിയിരുന്നു.