Monday, May 7, 2012

‘എന്റെ പേര്’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. എൻ ബി എസ് ആണ് പ്രസാധകർ.

Monday, February 20, 2012

ചെമ്പനീർ പൂവായി അവൻ

അവനൊരു കുമാരൻ

ഇടതു കണ്ണിലുണ്ടൊരു സൂര്യൻ

വലതു കണ്ണിലുണ്ടൊരു സൂര്യൻ

ചുഴലിക്കാറ്റായവനെപ്പൊഴും

ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും.


അവളൊരു കുമാരി

ഇടതു കണ്ണിലുണ്ടൊരു കടൽ

വലതു കണ്ണിലുണ്ടൊരു കടൽ

കൊടിങ്കാറ്റായവളെപ്പൊഴും

ഉറഞ്ഞുനിന്നവനു ചുറ്റും.


അവൾ തൊട്ടു

അവൻ മരമായിത്തളിർത്തു

അവൻ തൊട്ടു

അവൾ പൂമരമായി വിടർന്നു.


തളിർക്കുമെന്നവന്റെ വാക്ക്

പൂക്കുമെന്നവളുടെ വാക്ക്

വാക്കു തെറ്റിച്ചവൻ വിടർന്നു

ചെമ്പനീർ പൂക്കളാലവൻ വിടർന്നു.


ചാഞ്ഞിറങ്ങിയ ആകാശം

ചെമ്പനീർ പൂക്കളെ പെയ്ത-

കന്നു പോയി നിസംഗമായി

ഗന്ധകഗന്ധം ബാക്കിയായി.**


ചെമ്പനീർ കനലിനു മേല-

നന്തമായി പെയ്തു നിന്നവൾ

തണുത്ത തളിരിലകളായും

കണ്ണീർ ചാറും മഴയായും.


**ആ വാലന്റൈൻസ് ഡേയുടെ ഓർമ്മയ്ക്ക്.....ഇറാക്കിലെ ഒരു പാർക്കിൽ യുവത്വത്തിന്റെ ഉല്ലാസത്തിലേക്ക് വന്നു വീണ ബോംബുണ്ടാക്കിയ ദുരന്തം.







Sunday, January 8, 2012

എന്നോടങ്ങനെ പറയരുത്


സ്വേച്ഛാധിപതികളുടെ

കോട്ടകൊത്തളങ്ങൾക്കു

സ്വാതന്ത്ര്യം,ജനാധിപത്യമെന്നു

തലക്കുറി തൂക്കുന്നവരോട്...... *.

നക്ഷത്രങ്ങളുടെ നെഞ്ചിൽ

ഹൃദയരക്തം കൊണ്ട്

സിന്ദൂരം തൊടുന്നവരോടവന്റെ

പേരെഴുതിയൊട്ടിക്കാനാ

ചോരപശിമ ചോദിക്കരുത്. *

കൊടുങ്കാറ്റു കൊണ്ട് മുഖം തുടയ്ക്കുന്ന

കപ്പലിന്റെ കൊടിമരമാകാനായുന്ന കാലുകളോട് പറയരുതവന്റെ

കാ‍വൽ‌പ്പുരയുടെ കാവലാളാകണമെന്ന്. *

തൊടുത്തു വിട്ട ശരം കണക്കെ

പാഞ്ഞു പോകുന്ന കാട്ടുപക്ഷികളൊട് പറയരുതവനായി

ഉറക്കു പാട്ടു പാടണമെന്ന്. *

ദുർബ്ബലമെന്ന വിശേഷണത്താലോ

മയക്കുമാധുര്യത്തിന്റെ കൊതിപ്പിക്കലിലോ വാതിലുകളടക്കുമെന്നും

തിരശ്ശീലകൾ വലിച്ചിടുമെന്നും

പുറത്തെ ആരവങ്ങളെ മുറിച്ചു കളയുമെന്നും നിങ്ങൾ കരുതരുത്. *.

ചുവന്ന കമ്പളങ്ങൾ നിങ്ങൾ വിരിച്ചു

പൂക്കൾ കൊണ്ടു വീടുകൾ പണിതു

ശ്വാസം മുട്ടി ഞങ്ങൾ മരിച്ചില്ല.

വിശന്നു ഞങ്ങൾ വീണില്ല

എഴുന്നേറ്റു ഞങ്ങൾ പോയില്ല. . *.

വീഥിയിലും നിശീഥിനിയിലും

ജീവൻ തുടിക്കുന്നു.

പാടങ്ങളിൽ നനവു നിറയുന്നു.

ചേറിൽ പുളക്കുന്നു കാരിയും മുശിയും. *.

നെല്ലിൻ പൂമണം വിരിച്ചിട്ട

പനമ്പിൻ പായയിലിരുന്നു ഞങ്ങൾ പാടും

അവന്റെ മരണത്തെപ്പറ്റി

എവിടെവെച്ചെങ്കിലും സംഭവിക്കാവുന്ന

അവന്റെ മരണത്തെപ്പറ്റി

ശബ്ദിക്കുന്ന കാടുകളെപ്പറ്റി

ഉയർത്തെഴുന്നേൽക്കുന്ന ഋതുക്കളെപ്പറ്റി

വരാൻ പോകുന്ന ജൈത്രയാത്രയെപ്പറ്റി.