Wednesday, August 11, 2010

നടാൻ മറന്ന വിത്തുകൾ

'പടിക്കെട്ടിന്നരികെ നടണമൊരു വേപ്പുമരം
കണ്ണിനിമ്പം ഹരിതശോഭനം പത്രങ്ങൾ തൻ
കയ്പിൽ മുങ്ങിനിവരും മണിത്തെന്നൽ
നിറയ്ക്കും ആയുരാരോഗ്യം വീട്ടിന്നുള്ളിൽ.

അവിടെ നിന്നോട്ടെ ആ ഏഴിലംപാല
ഒട്ടും നോവിച്ചു പോവല്ലേ അതിനെ
എരിയും മണംപിടിച്ച് സുന്ദരയക്ഷികൾ
വന്നോട്ടെ ഏഴുതിരിയിട്ട വിളക്കുപോലെ

വെയ്ക്കാം ഒരശോകം മുറ്റത്തിന്നിറമ്പിൽ
വേരിലും താര് വിരിയുമശോകം
തടിയും പൂത്തുലയും പൊന്നശോകം
സന്താനഭാഗ്യത്തിനുത്തമമെന്ന് പ്രമാണം

വ്രീളാവിവശയായ് വിളർത്ത് മണ്ണിനെപ്പുണർന്നും
വിണ്ണോട് കലഹിച്ച് അരുണിമയാർന്ന് മുഖം തിരിച്ചും
പവിഴപ്പട്ടുവിരിച്ച പോൽ വേണ-
മൊരു പവിഴമല്ലി ഒരരികിൽ.

കുങ്കുമകേസരങ്ങളാൽ മുറ്റമാകെ
അന്തിയിലാകാശമെന്ന പോൽ
ചായംപൂശും പനിനീർചാമ്പ-
യൊന്നു വേണം സുനിശ്ചിതം.

പൊൻവെയിലുലയൂതി ഉണർത്തിയെടുക്കും
കാഞ്ചന കുസുമഹാരങ്ങളാലലംകൃതം
ഒരു കൊന്നവേണം നടുമുറ്റത്ത്
കണ്ണുചിമ്മി കണികാണാനെന്നാളും.

തേനുണ്ണാൻ കിളികൾ പറന്നെത്തി
കൂടുകൂട്ടാൻ കാകനെത്തി
പിന്നാലെ ഉപ്പനും.

ആശിച്ചപോലൊരു സുന്ദരഗേഹം
തുറന്ന വരാന്ത
കൂട്ടുകൂടിയിരിക്കാൻ വേറിട്ടൊരിടം
ഇടുങ്ങിയതെങ്കിലും ഇമ്പമാർന്ന പടിപ്പുര.
മഴനാരും വെയിൽ നുറുങ്ങും
കയറിയുമിറങ്ങിയും ഒളിച്ചുകളിക്കും
ഒരു ചെറുജലാശയമുണ്ടു വീട്ടിന്നുള്ളിൽ.

ഒരു പർണശാല പോൽ ശാന്തം
ചാരുവാം ഒരു ശില്പം പോൽ മോഹനം
ഏവരും മൊഴിഞ്ഞു തെല്ലൊരസൂയയോടെ.

എങ്കിലുമൊഴിഞ്ഞു പോയില്ലൊരിക്കലും
കർക്കിടകത്തിലെ തോരാവാവുകൾ
അടഞ്ഞു കിടന്നൂ പടിപ്പുര തുറക്കാതെ
ഉയർന്നില്ല പൊട്ടിച്ചിരികൾ വരാന്തയിൽ
പടിയിറങ്ങിപ്പോയി ഓരോരുത്തരായി ഉരിയാടാതെ.

വേരുകളാൽ മണ്ണിനടിയിൽ തമ്മിൽ പുണർന്നും
ശിഖരങ്ങളാൽ ഒന്നൊന്നിന് തണലായും തണുപ്പായും
ഉയിർക്കേണ്ട വിത്തുകൾ കിടക്കുന്നുണ്ടവരുടെ കീശയിൽ
ഉണങ്ങിവരണ്ട് ചുക്കിച്ചുളിഞ്ഞ് മൌനികളായി.

Thursday, August 5, 2010

എന്‍റെ പേര്


സ്പർശിക്കുമ്പോഴൊക്കെ നീ എഴുതി
ഓരോരോ പേരുകളെന്നുടലിൽ.
പനിനീർ മണക്കുന്ന കന്നി, പെണ്ണെന്ന്
മുടിനാരിഴയിൽ കടൽ കടന്ന കൃഷ്ണ,രാധയെന്ന്
സൂര്യജനെ പുഴയിലൊഴുക്കിയ അമ്മ,കുന്തിയെന്ന് പ്രാണനിൽ വാളുമായി പിറന്ന കന്യ,മറിയമെന്ന്
അഴിഞ്ഞ മുടിയാൽ കുലമറുത്ത പാഞ്ചാലീ,ദ്രൌപദിയെന്ന്
സ്നാപകശിരസ്സ് തളികയിലേന്തും പ്രണയിനി, ശലോമിയെന്ന്
അഗ്നിയെ ജയിച്ചിട്ടും തോറ്റു പോയ പൂമകൾ, സീതയെന്ന്
അവസാനം നീ എഴുതി മഗ്ദലനമറിയമെന്ന്.
പേരിന്‍റെ ആവനാഴിയൊഴിഞ്ഞു.
ഇരുട്ടിൽ നാവുകൾ ഏറ്റുപാടി, മഗ്ദലനമറിയം.

എന്‍റെ പേര് മഗ്ദലനമറിയം
ഇതെന്‍റെ ഛേദിച്ച ശിരസ്സ്
ഇത് നിന്‍റെ പാദങ്ങളെ ചുംബിച്ച് ശുചിയാക്കും
ഇതെന്‍റെ കബന്ധം
ഇത് നിന്‍റെ പാപങ്ങൾ ഏറ്റുവാങ്ങും.

കടലിൽ നിന്ന് ഏഴ് കതിരുകൾ പൊന്തി വന്നു
അവ പാലുറച്ചതും പൊന്നിൻ നിറമുള്ളതുമായിരുന്നു
പിന്നാലെ പൊന്തിവന്നതേഴ് കുതിരകൾ
കതിരിലൊന്നുപോലും ചവിട്ടി മെതിക്കാതെ
അവ കടന്നുപോയി.

Sunday, August 1, 2010

ഇരുവൾ/ഒരുവൾ


രണ്ടു സ്ത്രീകളായിരുന്നു അവൾ
മഴയെ കിനാവുകണ്ടുണരുന്ന ഒരുവൾ
മരുപ്പച്ച തേടി കാലുവെന്ത മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ദിനരാത്രങ്ങളുടെ നുകത്തിലെ പടുകിഴവിയൊരുവൾ
ആനന്ദാസക്തികളാൽ യൌവനയുക്ത മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ദിനവും വിരിയുന്ന പുതുമുകുളമാ- യൊരുവൾ
വിരല്‍പ്പാടുകളാലും മുദ്രകളാലും അടയാള- പ്പെട്ടവൾ മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ഓരോരിക്കലും ഉടന്തടി ചാടുന്നൊരുവൾ
സീമന്തസിന്ദൂരങ്ങളെ വെടിപ്പാക്കുന്ന മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
എണ്ണയും പിണ്ണാക്കുമായി ചക്കാ- കുന്നൊരുവൾ
ഉയർന്നു പറക്കുന്ന ഊഞ്ഞാലിലെ നിത്യസഞ്ചാരിണി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
വെറുത്തു വെറുത്ത് വിഷക്കനി - യായൊരുവൾ
പുണർന്നു പുണർന്നു പൂങ്കനിയായി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
പറന്ന് പറന്ന് പറവയാ - യൊരുവൾ
ഇഴഞ്ഞിഴഞ്ഞ് ഇഴജന്തുവായി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ഒടുങ്ങാത്ത തിരകളുടെ സാഗരമാ - യൊരുവൾ
ഒരിക്കലും വഴങ്ങാത്ത കരിമ്പനക്കുന്നായി മറ്റൊരുവൾ.

ഇക്കാലം എന്നിലിരുവരും ഒന്നായി
കാടുകളെ ചുട്ടുകളയുന്ന തീപിടിത്തമായത്
വൻകരകളെ മുക്കിക്കളയുന്ന പ്രളയമായത്
ഗ്രഹങ്ങളെ കൂട്ടിയിടിപ്പിക്കുന്ന വശീകരണമായത്
പ്രപഞ്ചങ്ങളുടെ ആകെ ഒന്നാകലായത്
ആയിരത്താണ്ടിലെ തോരാമഴയായത്
ആയിരത്താണ്ടിലെ എരിയും വറുതിയായത്

അത്, കടപ്പുറത്തെ മണൽത്തരികളെയും
ആകാശത്തിലെ നക്ഷത്രങ്ങളെയും
ഊതിപ്പറത്തിക്കളഞ്ഞു.