
സ്പർശിക്കുമ്പോഴൊക്കെ നീ എഴുതി
ഓരോരോ പേരുകളെന്നുടലിൽ.
പനിനീർ മണക്കുന്ന കന്നി, പെണ്ണെന്ന്
മുടിനാരിഴയിൽ കടൽ കടന്ന കൃഷ്ണ,രാധയെന്ന്
സൂര്യജനെ പുഴയിലൊഴുക്കിയ അമ്മ,കുന്തിയെന്ന് പ്രാണനിൽ വാളുമായി പിറന്ന കന്യ,മറിയമെന്ന്
അഴിഞ്ഞ മുടിയാൽ കുലമറുത്ത പാഞ്ചാലീ,ദ്രൌപദിയെന്ന്
സ്നാപകശിരസ്സ് തളികയിലേന്തും പ്രണയിനി, ശലോമിയെന്ന്
അഗ്നിയെ ജയിച്ചിട്ടും തോറ്റു പോയ പൂമകൾ, സീതയെന്ന്
അവസാനം നീ എഴുതി മഗ്ദലനമറിയമെന്ന്.
പേരിന്‍റെ ആവനാഴിയൊഴിഞ്ഞു.
ഇരുട്ടിൽ നാവുകൾ ഏറ്റുപാടി, മഗ്ദലനമറിയം.
എന്‍റെ പേര് മഗ്ദലനമറിയം
ഇതെന്‍റെ ഛേദിച്ച ശിരസ്സ്
ഇത് നിന്‍റെ പാദങ്ങളെ ചുംബിച്ച് ശുചിയാക്കും
ഇതെന്‍റെ കബന്ധം
ഇത് നിന്‍റെ പാപങ്ങൾ ഏറ്റുവാങ്ങും.
കടലിൽ നിന്ന് ഏഴ് കതിരുകൾ പൊന്തി വന്നു
അവ പാലുറച്ചതും പൊന്നിൻ നിറമുള്ളതുമായിരുന്നു
പിന്നാലെ പൊന്തിവന്നതേഴ് കുതിരകൾ
കതിരിലൊന്നുപോലും ചവിട്ടി മെതിക്കാതെ
അവ കടന്നുപോയി.
No comments:
Post a Comment