Wednesday, August 11, 2010

നടാൻ മറന്ന വിത്തുകൾ

'പടിക്കെട്ടിന്നരികെ നടണമൊരു വേപ്പുമരം
കണ്ണിനിമ്പം ഹരിതശോഭനം പത്രങ്ങൾ തൻ
കയ്പിൽ മുങ്ങിനിവരും മണിത്തെന്നൽ
നിറയ്ക്കും ആയുരാരോഗ്യം വീട്ടിന്നുള്ളിൽ.

അവിടെ നിന്നോട്ടെ ആ ഏഴിലംപാല
ഒട്ടും നോവിച്ചു പോവല്ലേ അതിനെ
എരിയും മണംപിടിച്ച് സുന്ദരയക്ഷികൾ
വന്നോട്ടെ ഏഴുതിരിയിട്ട വിളക്കുപോലെ

വെയ്ക്കാം ഒരശോകം മുറ്റത്തിന്നിറമ്പിൽ
വേരിലും താര് വിരിയുമശോകം
തടിയും പൂത്തുലയും പൊന്നശോകം
സന്താനഭാഗ്യത്തിനുത്തമമെന്ന് പ്രമാണം

വ്രീളാവിവശയായ് വിളർത്ത് മണ്ണിനെപ്പുണർന്നും
വിണ്ണോട് കലഹിച്ച് അരുണിമയാർന്ന് മുഖം തിരിച്ചും
പവിഴപ്പട്ടുവിരിച്ച പോൽ വേണ-
മൊരു പവിഴമല്ലി ഒരരികിൽ.

കുങ്കുമകേസരങ്ങളാൽ മുറ്റമാകെ
അന്തിയിലാകാശമെന്ന പോൽ
ചായംപൂശും പനിനീർചാമ്പ-
യൊന്നു വേണം സുനിശ്ചിതം.

പൊൻവെയിലുലയൂതി ഉണർത്തിയെടുക്കും
കാഞ്ചന കുസുമഹാരങ്ങളാലലംകൃതം
ഒരു കൊന്നവേണം നടുമുറ്റത്ത്
കണ്ണുചിമ്മി കണികാണാനെന്നാളും.

തേനുണ്ണാൻ കിളികൾ പറന്നെത്തി
കൂടുകൂട്ടാൻ കാകനെത്തി
പിന്നാലെ ഉപ്പനും.

ആശിച്ചപോലൊരു സുന്ദരഗേഹം
തുറന്ന വരാന്ത
കൂട്ടുകൂടിയിരിക്കാൻ വേറിട്ടൊരിടം
ഇടുങ്ങിയതെങ്കിലും ഇമ്പമാർന്ന പടിപ്പുര.
മഴനാരും വെയിൽ നുറുങ്ങും
കയറിയുമിറങ്ങിയും ഒളിച്ചുകളിക്കും
ഒരു ചെറുജലാശയമുണ്ടു വീട്ടിന്നുള്ളിൽ.

ഒരു പർണശാല പോൽ ശാന്തം
ചാരുവാം ഒരു ശില്പം പോൽ മോഹനം
ഏവരും മൊഴിഞ്ഞു തെല്ലൊരസൂയയോടെ.

എങ്കിലുമൊഴിഞ്ഞു പോയില്ലൊരിക്കലും
കർക്കിടകത്തിലെ തോരാവാവുകൾ
അടഞ്ഞു കിടന്നൂ പടിപ്പുര തുറക്കാതെ
ഉയർന്നില്ല പൊട്ടിച്ചിരികൾ വരാന്തയിൽ
പടിയിറങ്ങിപ്പോയി ഓരോരുത്തരായി ഉരിയാടാതെ.

വേരുകളാൽ മണ്ണിനടിയിൽ തമ്മിൽ പുണർന്നും
ശിഖരങ്ങളാൽ ഒന്നൊന്നിന് തണലായും തണുപ്പായും
ഉയിർക്കേണ്ട വിത്തുകൾ കിടക്കുന്നുണ്ടവരുടെ കീശയിൽ
ഉണങ്ങിവരണ്ട് ചുക്കിച്ചുളിഞ്ഞ് മൌനികളായി.

2 comments:

  1. കുംഭ മാസമാകട്ടേന്ന് ആശ്വസിച്ച് കാലം തള്ളാം..
    ചുക്കി ചുളിയരുതായിരുന്നു, മൌനികളാകരുതായിരുന്നു എന്നെല്ലാം സ്വയം കുറ്റപ്പെടുത്തിയാലും നാമെല്ലാം പലതും മറന്നു പോകുന്നു എന്നു പലകുറി ഓര്‍മ്മിപ്പിക്കുന്നു,ഈ എഴുത്ത്..

    ReplyDelete
  2. അഭിപ്രായത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദി.

    ReplyDelete