
നൊന്തു പേറുന്നു കവിതകളെ
രാവുകൾ ഗർഭത്തിലെന്ന പോലെ
നേർത്ത ഇരുട്ടിലെ നിഴലുകളാണ്
മറയ്ക്കുന്നില്ലിരുട്ട് മായ്ക്കുന്നതേയുള്ളു
കണ്ണു തുറന്നാൽ കാണാം
കൺ തുറക്കുന്ന താരകളെ
കത്തിയമരുന്ന കൊള്ളിമീനുകളെ
നിലാനുറുങ്ങുകൾ പൊതിയും
പുൽനാമ്പുകളെ
കറുത്ത ആകാശത്തെ
മിണ്ടാതെ നിൽക്കുന്ന വൻമരങ്ങളെ
കണ്ണടച്ചാൽ പിടിച്ചെടുക്കാം
നിഴലുകളെ
കോതി മിനുക്കാം കൊമ്പുകൾ
പിരിയൻ കോണികൾ പണിതെടുക്കാം.
നിർത്താതെ കയറാമിറങ്ങാം
തേച്ചു പിടിപ്പിക്കാം നിറങ്ങൾ
ഊതിയൂതി നിറയ്ക്കാം
ഊരിയെടുത്തുണക്കാനിടാം
വലിയ നിശാശലഭത്തിൻ ചിറകിൽ
നീലച്ചായം പൂശി പറത്താം
പുലിപ്പാൽ കറന്ന്
കടുപ്പത്തിലൊരു ചായ നുണയാം.
No comments:
Post a Comment