Sunday, October 16, 2011

മറിയം




പതിവു പോലൊരു ഞായറാഴ്ച
പകൽ പതിനൊന്നു മണി
ദൈവകൃപയാൽ എല്ലാം
സമംഗളം പര്യവസാനിക്കുമായിരുന്നു.
ഇമ്പമിയന്ന ഗാനങ്ങളാൽ കൊച്ചച്ചൻ
തിരുക്കുർബ്ബാന അർപ്പിച്ചു ക്ഴിഞ്ഞു.
മാർപ്പാപ്പയുടെ മാപ്പപേക്ഷയും
വായിച്ചു തീർത്തു.
തിരുശരീരം പകുത്തെടുത്ത്
അച്ചൻ വാഴ്ത്തിപ്പാടി
ഇതെന്റെ ശരീരമാകുന്നു
നിങ്ങൾ ഭക്ഷിപ്പിൻ
ഇതെന്റെ രക്തമാകുന്നു
നിങ്ങൾ പാനം ചെയ്വിൻ
എന്തെന്നാൽ നിത്യ ജീവന്
നിങ്ങൾ അവകാശികളായിടും
അൾത്താരയിൽ അണയാനൊരു
മെഴുകിതിരി മാത്രം ബാക്കി നിൽക്കെ
പെട്ടെന്ന് ഭയങ്കരമായതെന്തോ
സംഭവിച്ചു.
ഒരാന്തൽ,ഒരാളൽ
മരക്കുരിശ് കനലു പോലെ തിളങ്ങി
മുൾമുടിയേറിയവന്റെ കണ്ണീർ
ചോരയായി പൊഴിഞ്ഞു
തിളങ്ങുന്ന വെളിച്ചത്താൽ
അൾത്താര നിറഞ്ഞു
അവിടെ ഭീമാകാരിണിയായൊരു സ്ത്രീരൂപം കാണായി
അവൾ ആടുകയും പാടുകയും ചെയ്തു
പാടുമ്പോൾ ഒന്നായും
ആടുമ്പോൾ ആയിരമായും
അവൾ കുറയുകയും കൂടുകയും ചെയ്തു.
മുന്നൂറ്റിയറുപത്താറാമത്
ദിവസത്തേക്കുറിച്ചവൾ പാടി.
മഞ്ഞിൻ പാളികളൊന്നൊന്നായി
പിന്നിലടഞ്ഞു പോകും മുമ്പെന്തു
സംഭവിച്ചെന്നവൾ നീട്ടിപ്പാടി
ഒക്കെയും കേട്ടപാടെ ദേവാലയമൊന്നാകെ
അവിടെ നിന്ന് നീങ്ങിപ്പോയി
കല്ലിന്മേൽ കല്ലവശേഷിക്കാതെ
നീങ്ങിപ്പോയി.


No comments:

Post a Comment