Wednesday, August 11, 2010

നടാൻ മറന്ന വിത്തുകൾ

'പടിക്കെട്ടിന്നരികെ നടണമൊരു വേപ്പുമരം
കണ്ണിനിമ്പം ഹരിതശോഭനം പത്രങ്ങൾ തൻ
കയ്പിൽ മുങ്ങിനിവരും മണിത്തെന്നൽ
നിറയ്ക്കും ആയുരാരോഗ്യം വീട്ടിന്നുള്ളിൽ.

അവിടെ നിന്നോട്ടെ ആ ഏഴിലംപാല
ഒട്ടും നോവിച്ചു പോവല്ലേ അതിനെ
എരിയും മണംപിടിച്ച് സുന്ദരയക്ഷികൾ
വന്നോട്ടെ ഏഴുതിരിയിട്ട വിളക്കുപോലെ

വെയ്ക്കാം ഒരശോകം മുറ്റത്തിന്നിറമ്പിൽ
വേരിലും താര് വിരിയുമശോകം
തടിയും പൂത്തുലയും പൊന്നശോകം
സന്താനഭാഗ്യത്തിനുത്തമമെന്ന് പ്രമാണം

വ്രീളാവിവശയായ് വിളർത്ത് മണ്ണിനെപ്പുണർന്നും
വിണ്ണോട് കലഹിച്ച് അരുണിമയാർന്ന് മുഖം തിരിച്ചും
പവിഴപ്പട്ടുവിരിച്ച പോൽ വേണ-
മൊരു പവിഴമല്ലി ഒരരികിൽ.

കുങ്കുമകേസരങ്ങളാൽ മുറ്റമാകെ
അന്തിയിലാകാശമെന്ന പോൽ
ചായംപൂശും പനിനീർചാമ്പ-
യൊന്നു വേണം സുനിശ്ചിതം.

പൊൻവെയിലുലയൂതി ഉണർത്തിയെടുക്കും
കാഞ്ചന കുസുമഹാരങ്ങളാലലംകൃതം
ഒരു കൊന്നവേണം നടുമുറ്റത്ത്
കണ്ണുചിമ്മി കണികാണാനെന്നാളും.

തേനുണ്ണാൻ കിളികൾ പറന്നെത്തി
കൂടുകൂട്ടാൻ കാകനെത്തി
പിന്നാലെ ഉപ്പനും.

ആശിച്ചപോലൊരു സുന്ദരഗേഹം
തുറന്ന വരാന്ത
കൂട്ടുകൂടിയിരിക്കാൻ വേറിട്ടൊരിടം
ഇടുങ്ങിയതെങ്കിലും ഇമ്പമാർന്ന പടിപ്പുര.
മഴനാരും വെയിൽ നുറുങ്ങും
കയറിയുമിറങ്ങിയും ഒളിച്ചുകളിക്കും
ഒരു ചെറുജലാശയമുണ്ടു വീട്ടിന്നുള്ളിൽ.

ഒരു പർണശാല പോൽ ശാന്തം
ചാരുവാം ഒരു ശില്പം പോൽ മോഹനം
ഏവരും മൊഴിഞ്ഞു തെല്ലൊരസൂയയോടെ.

എങ്കിലുമൊഴിഞ്ഞു പോയില്ലൊരിക്കലും
കർക്കിടകത്തിലെ തോരാവാവുകൾ
അടഞ്ഞു കിടന്നൂ പടിപ്പുര തുറക്കാതെ
ഉയർന്നില്ല പൊട്ടിച്ചിരികൾ വരാന്തയിൽ
പടിയിറങ്ങിപ്പോയി ഓരോരുത്തരായി ഉരിയാടാതെ.

വേരുകളാൽ മണ്ണിനടിയിൽ തമ്മിൽ പുണർന്നും
ശിഖരങ്ങളാൽ ഒന്നൊന്നിന് തണലായും തണുപ്പായും
ഉയിർക്കേണ്ട വിത്തുകൾ കിടക്കുന്നുണ്ടവരുടെ കീശയിൽ
ഉണങ്ങിവരണ്ട് ചുക്കിച്ചുളിഞ്ഞ് മൌനികളായി.

Thursday, August 5, 2010

എന്‍റെ പേര്


സ്പർശിക്കുമ്പോഴൊക്കെ നീ എഴുതി
ഓരോരോ പേരുകളെന്നുടലിൽ.
പനിനീർ മണക്കുന്ന കന്നി, പെണ്ണെന്ന്
മുടിനാരിഴയിൽ കടൽ കടന്ന കൃഷ്ണ,രാധയെന്ന്
സൂര്യജനെ പുഴയിലൊഴുക്കിയ അമ്മ,കുന്തിയെന്ന് പ്രാണനിൽ വാളുമായി പിറന്ന കന്യ,മറിയമെന്ന്
അഴിഞ്ഞ മുടിയാൽ കുലമറുത്ത പാഞ്ചാലീ,ദ്രൌപദിയെന്ന്
സ്നാപകശിരസ്സ് തളികയിലേന്തും പ്രണയിനി, ശലോമിയെന്ന്
അഗ്നിയെ ജയിച്ചിട്ടും തോറ്റു പോയ പൂമകൾ, സീതയെന്ന്
അവസാനം നീ എഴുതി മഗ്ദലനമറിയമെന്ന്.
പേരിന്‍റെ ആവനാഴിയൊഴിഞ്ഞു.
ഇരുട്ടിൽ നാവുകൾ ഏറ്റുപാടി, മഗ്ദലനമറിയം.

എന്‍റെ പേര് മഗ്ദലനമറിയം
ഇതെന്‍റെ ഛേദിച്ച ശിരസ്സ്
ഇത് നിന്‍റെ പാദങ്ങളെ ചുംബിച്ച് ശുചിയാക്കും
ഇതെന്‍റെ കബന്ധം
ഇത് നിന്‍റെ പാപങ്ങൾ ഏറ്റുവാങ്ങും.

കടലിൽ നിന്ന് ഏഴ് കതിരുകൾ പൊന്തി വന്നു
അവ പാലുറച്ചതും പൊന്നിൻ നിറമുള്ളതുമായിരുന്നു
പിന്നാലെ പൊന്തിവന്നതേഴ് കുതിരകൾ
കതിരിലൊന്നുപോലും ചവിട്ടി മെതിക്കാതെ
അവ കടന്നുപോയി.

Sunday, August 1, 2010

ഇരുവൾ/ഒരുവൾ


രണ്ടു സ്ത്രീകളായിരുന്നു അവൾ
മഴയെ കിനാവുകണ്ടുണരുന്ന ഒരുവൾ
മരുപ്പച്ച തേടി കാലുവെന്ത മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ദിനരാത്രങ്ങളുടെ നുകത്തിലെ പടുകിഴവിയൊരുവൾ
ആനന്ദാസക്തികളാൽ യൌവനയുക്ത മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ദിനവും വിരിയുന്ന പുതുമുകുളമാ- യൊരുവൾ
വിരല്‍പ്പാടുകളാലും മുദ്രകളാലും അടയാള- പ്പെട്ടവൾ മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ഓരോരിക്കലും ഉടന്തടി ചാടുന്നൊരുവൾ
സീമന്തസിന്ദൂരങ്ങളെ വെടിപ്പാക്കുന്ന മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
എണ്ണയും പിണ്ണാക്കുമായി ചക്കാ- കുന്നൊരുവൾ
ഉയർന്നു പറക്കുന്ന ഊഞ്ഞാലിലെ നിത്യസഞ്ചാരിണി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
വെറുത്തു വെറുത്ത് വിഷക്കനി - യായൊരുവൾ
പുണർന്നു പുണർന്നു പൂങ്കനിയായി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
പറന്ന് പറന്ന് പറവയാ - യൊരുവൾ
ഇഴഞ്ഞിഴഞ്ഞ് ഇഴജന്തുവായി മറ്റൊരുവൾ.

രണ്ടു സ്ത്രീകളായിരുന്നു അവൾ
ഒടുങ്ങാത്ത തിരകളുടെ സാഗരമാ - യൊരുവൾ
ഒരിക്കലും വഴങ്ങാത്ത കരിമ്പനക്കുന്നായി മറ്റൊരുവൾ.

ഇക്കാലം എന്നിലിരുവരും ഒന്നായി
കാടുകളെ ചുട്ടുകളയുന്ന തീപിടിത്തമായത്
വൻകരകളെ മുക്കിക്കളയുന്ന പ്രളയമായത്
ഗ്രഹങ്ങളെ കൂട്ടിയിടിപ്പിക്കുന്ന വശീകരണമായത്
പ്രപഞ്ചങ്ങളുടെ ആകെ ഒന്നാകലായത്
ആയിരത്താണ്ടിലെ തോരാമഴയായത്
ആയിരത്താണ്ടിലെ എരിയും വറുതിയായത്

അത്, കടപ്പുറത്തെ മണൽത്തരികളെയും
ആകാശത്തിലെ നക്ഷത്രങ്ങളെയും
ഊതിപ്പറത്തിക്കളഞ്ഞു.

Monday, July 26, 2010

2010

2009, നിഷേധിച്ചു
പോയതെന്ത്?
വിടർത്തിയതെന്ത്?
അടർത്തിയതെന്ത്?

കവിത കുറിക്കാനൊരു
നോട്ടു പുസ്തകം.
കവിതയെന്നുമെനിക്ക്
ഊർന്നു പോകുന്ന ഇടവഴിയായിരുന്നു,
പിന്നാമ്പുറത്തെ മുറ്റമായിരുന്നു.

അവിടെ നക്ഷത്രങ്ങളെ ചവുട്ടി ഞാൻ നടന്നു
ആകാശമുല്ലകളിലെ കിളിക്കൂടുകൾ
തേടി ഞാൻ കിതച്ചു
കിനാക്കളിൽ നടന്ന്
കാല് വെന്ത് അലമുറയിട്ടു.

രണ്ടിൽ നിന്ന് പൂജ്യത്തിലേക്ക്
വളരുകയാണാണ്ടുകൾ
എന്‍റെ ഹൃദയരക്തത്തിൽ
കുറിതൊട്ടു ഞാൻ കുറിക്കും
മൃത്യുമുദ്രകളൊന്നൊന്നായി
എന്നിൽ നിന്നൊഴിഞ്ഞു പോകും
നിന്‍റെ കടൽ ഗന്ധമെന്നിൽ
മലങ്കാറ്റാവുമ്പോൾ.

വംഗമങ്ക


(ശാന്തിനികേതനിൽ നിന്ന് ഭോല്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ കണ്ട ഒരു കാഴ്ച)
സ്വച്ഛസ്ഫടികമൊരു പാത്രം പോലെ
നിശ്ചലം നിശബ്ദമൊരു ജലാശയം.
വെള്ളിമേഘങ്ങൾ മുഖം നോക്കും
ജലാശയത്തിനതിരുകളിട്ടു
കരിമ്പനകൾ തൻ നിഴലുകൾ.

വിരലോരോന്നും ഓരോ മരമായി
വളർന്നു ഗംഭീരനായ് മദ്ധ്യവയസ്ക്കന്ന-
രയാൽ കാവലാളായി ജലാശയത്തിന്.
അരയാലില ചവച്ചും തമ്മിൽ ചൊറിഞ്ഞും
ചലപില പറഞ്ഞും
ചാടി മറിഞ്ഞു വാനരങ്ങൾ.

വെയിലുറയൂരും നട്ടുച്ചയിൽ
ചാലുകീറിയ വിയർപ്പു തുള്ളികൾ തുടച്ചും
ഒറ്റ വസനത്താൽ നാണം മറച്ചും
നടന്നു വരുന്നാൾ ഒരു സുന്ദരി തിടുക്കത്തിൽ.

യൌവനം വിട ചൊല്ലാൻ ശങ്കിക്കും ഗാത്രം
മങ്ങിയ കല്ലുകളാൽ മെനഞ്ഞ മൂക്കുത്തി
മെഴുക്ക് പുരളാൻ കൊതിക്കുന്ന മുടിക്കെട്ട്.
എങ്കിലും തിളങ്ങുന്നുണ്ട് മോഹനം ഒരു
ചിരി ആ ചുണ്ടുകളിൽ.
ഉണ്ട്, ചുമലിലൊരു മീൻ കോരും ഒറ്റാൽ.

അടുപ്പിൽ തിളയ്ക്കുന്നുണ്ടൊരുഴക്കു പച്ചരി
വേഗം മടങ്ങണം കിട്ടുന്ന മീനുമായി
കുഞ്ഞുങ്ങളെത്താറായല്ലോ
പൊരിയുന്ന വയറുമായി.
ഉച്ചമയക്കത്തിലമർന്നു കിടക്കും
കുഞ്ഞോളങ്ങളെ ഉണർത്തിടാതെ
മുട്ടറ്റം നീരിലിറങ്ങി ആ വംഗമങ്ക.
അരനാഴികനേരത്തിന്നിടയിൽ
കൂടെക്കരുതിയ മുളങ്കൂടയിൽ
മാനത്തുകണ്ണിപോൽ കുറച്ചു മീൻകുഞ്ഞുങ്ങൾ.
ചുണ്ടിലൊഴിയാത്ത തിളക്കവുമായി
കിട്ടിയ കൊറ്റിൽ മതിവന്ന്
നടന്നു നീങ്ങീ പെണ്ണാൾ
വാനരക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി വരമ്പിലൂടെ.

Monday, July 12, 2010

ഓപ്പറേഷൻ


പഴകിയ ദാമ്പത്യം വേർപെടുത്തുന്നത്
സയാമീസ് ഇരട്ടകളെ വേർപെടുത്തും പോലെ
ഉരഞ്ഞുരഞ്ഞ് ഒന്നായിപ്പോയ ഉടലുകൾ
കലഹിച്ച് കലഹിച്ച് വേറിട്ട് പോയ തലകൾ
ഒന്നായ വഴിയിൽ ഉടലുകൾ
കൂട്ടിപ്പിണഞ്ഞ് വീണുകൊണ്ടിരുന്ന ഇരുവർ
ഞാൻ ഞാൻ എന്ന് തറുതല പറഞ്ഞ്
തലതല്ലിയിരുന്ന ഇരുവർ
മുറിച്ചുമാറ്റാൻ വൈകുന്തോറും
ചത്തുതുലഞ്ഞ് ചീഞ്ഞുനാറും ഇരുവരും
മുറിച്ചുമാറ്റിയാൽ വെന്‍റിലേറ്റിൽ
ഊർദ്ധൻ വലിക്കുമിരുവരും.

Saturday, July 3, 2010

അയലത്തെ കുട്ടി


അവൻ ആരോടോ പരിഭവിച്ചു
ശബ്ദം ഉയർത്തി കലഹിച്ചു
വിളിക്കാത്ത ഫോണിന് കാതോർത്തു
ചോദിക്കാത്തതിനൊക്കെയും ഉത്തരം പറഞ്ഞു.
വീണു കിടന്ന തെങ്ങോലയ്ക്കടിയിലെ
പുല്ലുപോലെ അവൻ വിളർത്തിരുന്നു
ഓർക്കാപ്പുറത്തോടിയെത്തുന്ന മഴ പോലെയും
ഓർത്തോർത്തു പെയ്യുന്ന മഴ പോലെയും
ഒരു പ്രവാചകനെന്ന പോലെ അവൻ പറഞ്ഞുകൊണ്ടിരുന്നു.
പാതിരാകളെ പിളർന്ന നിലവിളികൾ
ഉറങ്ങാൻ കിടന്ന വീടുകളെ ചുഴലിക്കാറ്റായി കശക്കിയെറിഞ്ഞു.
ഒരുനാൾ, മഴയൊക്കെയും തോർന്നു പോയി
പ്രവചനങ്ങളൊക്കെയും നിലച്ചുപോയി
നിലവിളികളൊക്കെയും അലസിപ്പോയി.
കണ്ണാന്തളികൾ പൂത്ത കിണറ്റിൻ തണുപ്പിൽ
ഉത്തരങ്ങളില്ലാ ചോദ്യങ്ങൾക്ക് കാതോർത്ത്
അവൻ നിശ്ശബ്ദനായി.

Tuesday, June 29, 2010

അതൊന്നും പറയാനല്ല ഞാന്‍ വന്നത്

നീ സുന്ദരരൂപിയാണെന്നു
പറയാനല്ല ഞാൻ വന്നത്

നിന്‍റെ പുടവകൾ
ഹിമം പോലെ ശുഭ്രവും
ഉടൽ ഇടിമിന്നലിനൊത്തതാണെന്നും
പറയാനല്ല ഞാൻ വന്നത്

നിന്‍റെ കരപുടങ്ങൾ ദേവതാരു-
ശിഖരങ്ങൾ പോലെയാണെന്ന്
പറയാനല്ല ഞാൻ വന്നത്

നിന്‍റെ ചുണ്ടുകൾ തേനിനൊത്തതും
കണ്ണുകൾ പെരുമീനിനൊത്തതുമെന്ന്
പറയാനല്ല ഞാൻ വന്നത്

കരിമ്പനകളിൽ കാറ്റു വീശുംപോലെ-
യാണ് നീ കുന്നിറങ്ങുന്നതെന്ന്
പറയാനല്ല ഞാൻ വന്നത്

മണല്‍ത്തിരകളിൽ കാറ്റൂതും പോലെ-
യാണ് നിന്‍റെ ശബ്ദമെന്ന്
പറയാനല്ല ഞാൻ വന്നത്

നിന്‍റെ പാദപതനങ്ങൾ
നരകങ്ങളെ ശൂന്യമാക്കുന്നതും
സ്വർഗങ്ങളെ പിളർത്തുന്നതുമാണെന്ന്
പറയാനല്ല ഞാൻ വന്നത്

ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്.
പോയ കാലത്തേക്കാളും നന്നെന്നു നാം നിനച്ചു
സൌന്ദര്യവും സൌഭാഗ്യവും കൈവന്നെന്നു നാം കൊതിച്ചു
ഭയത്തെ കടല്‍ത്തിരകൾ എടുത്തു പോയിയെന്ന് നാം കരുതി
ഭയത്തെ മലങ്കാറ്റ് പാതാളത്തിലേക്കു പറത്തിക്കളഞ്ഞുവെന്നു നാം കരുതി
ഭയത്തെ നേര് വിഴുങ്ങിക്കളഞ്ഞുവെന്നു നാം കരുതി

എന്നാൽ സംഭവിച്ചതോ
കർക്കിടക രാവിലെന്ന പോലെ നക്ഷത്രങ്ങൾ കെട്ടുപോയി
ആശകളൊക്കയും കൊഴിഞ്ഞുപോയി
കൊരുത്തതൊക്കെയും ചിതറിപ്പോയി
സൌന്ദര്യവും സൌഭാഗ്യവും
ഇടങ്കോലും മുഴങ്കോലുമായി കലഹിച്ചു നിന്നു
എന്റെ ദൈവമേ എന്റെ ദൈവമേ എന്നു
നിലവിളിച്ചവർക്കു മുന്നിൽ ഉപ്പുതൂണായി
നിന്നു പോയി ദൈവം .

കാലുവെന്ത നായുടെ ഓട്ടം
വലിഞ്ഞു മുറുകിയ മുഖം
ഉന്തിത്തെറിച്ച കണ്ണുകൾ
പേടി കുടിച്ചു വെളുപ്പിച്ച ചുണ്ടുകൾ

ഇനിയും പറയണോ വരാൻ പോകുന്ന വസന്ത-
ങ്കൊണ്ടൊരു സൌഭാഗ്യം ഞാൻ പണിയുമെന്ന് ?

ഉണ്ടാകാം ഇനിയും വറ്റാത്തൊരു പുഴ.
ഹൃദയത്തെ തുന്നിച്ചേർക്കുന്ന പുൽനാമ്പുകൾ
പുൽനാമ്പുകൾ വെള്ളം കുടിക്കുന്ന തീരവും.

കവിതയിലെന്തുണ്ട്? / കവിതയിലെന്തു വേണം ?

ഇടവപ്പാതി മഴയിൽ കുതിർന്ന മണ്ണ്
കൊള്ളിമീൻ പോലെ പാഞ്ഞു പോയ ദാവണിത്തുമ്പ്‌
തൊട്ടാൽ കൂമ്പുന്ന പൂമൊട്ട്
ഇറയത്ത്‌ നനഞ്ഞു വിറയ്ക്കുന്ന പൂച്ചക്കുട്ടി
മദിച്ചു പുളയ്ക്കുന്ന മീൻ പാർപ്പുകൾ
നനഞ്ഞൊട്ടിയ തൊട്ടാവാടികൾ
ഇത്തിരി തോർച്ചയിൽ കൊത്തിപ്പെറുക്കുന്ന കരീലക്കിളികൾ
ഛെ, വല്ലാത്തൊരു വഴുവഴുപ്പ്.

തെരുവിലെ രക്തം
പിഴുതെടുത്ത വീട്
മാറത്തലയ്ക്കുന്ന പെണ്ണ്
വേട്ട നായ്ക്കളുടെ മുരൾച്ച
ശൂലം പിളർന്ന ഗർഭപാത്രങ്ങൾ
വെടിയൊച്ചയിലമർന്നു പോയ നിലവിളി.
തൊട്ടു പൊള്ളിക്കണം കവിത
ഇടിവെട്ടി കാതടപ്പിക്കണം കവിത
മണത്താൽ എരിച്ചിലാകണം കവിത
കൊള്ളാം, കവിതയ്ക്ക് മൊത്തത്തിലൊരു
ആനുകാലിക/ ഉത്തരാധുനിക ചന്തം.

Monday, February 8, 2010

ഒരോന്ത്


അനക്കമറ്റ്‌
ഒച്ചയറ്റ്
പച്ചയറ്റ്
ഒരോന്ത് വെയില് വിഴുങ്ങി
മുളങ്കൊമ്പിലനങ്ങാതെ.
സ്വപ്നം കാണുകയാണത് പിതാമഹിയെ
അതിന്റെ ചെന്നിയില്‍ ത്രസിക്കു -
ന്നുണ്ടാ പാദപതനങ്ങള്‍
ഓര്‍മ്മയിലുറുന്നുണ്ടാ മുലക്കണ്ണുകള്‍
പന്നല്‍മരഗേഹമതിന്റെ നിനവില്‍
അയവിറക്കുന്നുണ്ടത് ആയിരത്താണ്ടുകളെ.
ആദിയില്‍ വായും വയറുമൊന്നായി
നീറ്റില്‍ പിറന്നതും
ഉരഗമായും പക്ഷിയായും
ഇഴഞ്ഞതും പിന്നെ പറന്നതും
ശേഷം ഇരുകാലില്‍ നടന്നതും
കൊന്നും തിന്നും വളര്‍ന്നതും
കണ്ണു ചിമ്മി ചിമ്മി ഓര്‍ത്തെടുക്കുന്നുണ്ടത്.
ആണ്ടുകള്‍ താളുകളായി മറിയുമ്പോള്‍
പച്ച നീലയായും
നീല പീതമായും
പീതം ചുവപ്പായും
ചുവപ്പ് മഞ്ഞയായും മാറുന്ന
വര്‍ണാങ്കിത ശീലകളാല്‍
പുളകിതയാകുന്നുണ്ടത് ചെറുചിരിയോടെ.